ദലിത് കുടുംബങ്ങളിൽ പോയി ഭക്ഷണം കഴിക്കുന്ന നാടകം ബി.ജെ.പി അവസാനിപ്പിക്കണം -മോഹൻ ഭഗവത്
text_fieldsന്യുഡൽഹി: ദലിത്-പിന്നാക്ക കുടുംബങ്ങളിൽ പോയി ഭക്ഷണം കഴിച്ചു കൊണ്ട് അവർക്കിടയിൽ ബന്ധം സ്ഥാപിക്കാനുള്ള ബി.ജെ.പി ശ്രമങ്ങളെ വിമർശിച്ച് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്. ബി.ജെ.പി ഈ നാടകത്തിൽ നിന്നും പിൻതിരിയണമെന്നും സാധാരണ ഇടപെടലുകളിലൂടെ ദുർബല വിഭാഗങ്ങൾക്കിടയിലെ ജാതിയത തുടച്ച് നീക്കാൻ മുന്നിട്ടിറങ്ങണമെന്നും വി.എച്ച്.പി^ആർ.എസ്.എസ് നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ഭഗവത് പറഞ്ഞു.
പീഡനങ്ങൾക്കെതിരായ എസ്.സി, എസ്.ടി നിയമത്തെ കുറിച്ചുള്ള സുപ്രംകോടതി വിധിയെ തുടർന്ന് രാജ്യത്ത് ഉയർന്നു വന്ന ദലിത് സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും മൂർച്ച കുറക്കാൻ ബി.ജെ.പി നടത്തിയ ശ്രമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആർ.എസ്.എസ് മേധാവിയുടെ വിമർശനം.
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, ബി.ജെ.പിയുടെ കർണാടക മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെദിയൂരപ്പ തുടങ്ങി പല ദേശീയ നേതാക്കളും തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ പല തവണ ദലിത്^ആദിവാസി മേഖലകൾ സന്ദർശിച്ചിരുന്നു. ബി.ജെ.പി നേതാക്കൾ ഭക്ഷണവുമായി ദലിതരുടെ അടുത്തെത്തുകയും അത് മാധ്യമങ്ങളെ അറിയിച്ച് കൊട്ടിഘോഷിക്കുകയുമാണ് ചെയ്യുന്നതെന്നും മോഹൻ ഭഗവത് കൂറ്റപ്പെടുത്തി. യു.പിയിലെ ഒരു മന്ത്രി ദലിത് കുടുംബത്തിലേക്ക് സ്വന്തം വെള്ളവും ഭക്ഷണവുമായി കയറിച്ചെന്നത് വിവാദമായിരുന്നു.
ദലിതരുടെ വീടുകളിൽ പോയി അവരെ ശുദ്ധരാക്കാൻ ശ്രീരാമനല്ലെന്നും ദലിതർ നമ്മുടെ വീടുകളിൽ വന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചാൽ നമ്മളാണ് പരിശുദ്ധരാവുന്നതെന്നും കേന്ദ്രമന്ത്രി ഉമാ ഭാരതി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.