ഗസ്സയിൽ പരിക്കേറ്റ കുഞ്ഞിനെ പരിഹസിച്ചയാൾ ഹൃദയാഘാതം മൂലം മരിച്ചു; ‘ട്രോളും മുമ്പ് ഓർക്കുക, മരണം നിങ്ങളുടെ അരികിലുണ്ട്’ -ഓർമപ്പെടുത്തലുമായി നെറ്റിസൺസ്
text_fieldsഹൈദരാബാദ്: ഇസ്രായേൽ ആക്രമണത്തിൽ കാൽ തകർന്നും മുഖത്ത് നിന്ന് ചോരയൊലിച്ചും ഗുരുതര പരിക്കേറ്റ കുഞ്ഞുങ്ങളെ ട്രോളുകൾ ഉപയോഗിച്ച് പരിഹസിച്ച തീവ്ര ഹിന്ദുത്വ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. @Smokingskills07 എന്ന പേരിൽ അറിയപ്പെടുന്ന യാഷ് (30) ആണ് മരിച്ചത്.
ഫലസ്തീനിയൻ കുട്ടികളെകുറിച്ച് നിന്ദ്യമായ അടിക്കുറിപ്പുകളോടെ നിരവധി മീമുകൾ ഇദ്ദേഹം സൃഷ്‌ടിച്ചിരുന്നു. ഇതിനുപിന്നാലെ, ഒക്ടോബർ 29 നാണ് യാഷിനെ ഹൃദയാഘാതം മൂലം മരിച്ച നിലയിൽ കണ്ടെത്തിയത്. നിസ്സഹായരായ മനുഷ്യരെ ട്രോളും മുമ്പ് മരണം നിങ്ങളുടെ അരികിലുമുണ്ടെന്ന് ഓർമിക്കണമെന്ന് യാഷിന്റെ മരണം സൂചിപ്പിച്ച് നിരവധി പേർ ട്വീറ്റ് ചെയ്തു.
യാഷ് സൃഷ്ടിച്ച ഫലസ്തീനി കുട്ടികളെ കുറിച്ചുള്ള പരിഹാസ മീമുകൾ ഹിന്ദുത്വ അനുകൂല സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യാപകമായി ഷെയർ ചെയ്തിരുന്നു. ഒക്‌ടോബർ 7ന് ഹമാസ്-ഇസ്രായേൽ സംഘർഷം രൂക്ഷമായത് മുതൽ വലതുപക്ഷ ട്രോൾ പേജുകളിൽ ഫലസ്തീൻ വിരുദ്ധ ട്രോളുകളും ഇസ്‌ലാമോഫോബിക് സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിലർ ഫലസ്തീൻ മുസ്‍ലിംകളെ മാത്രമല്ല, ഇന്ത്യൻ മുസ്ലിംകളെയും ഇതിന്റെ പേരിൽ ട്രോളിന് ഇരയാക്കിയിരുന്നു.
ഇസ്രായേൽ ആക്രമണത്തിൽ കെട്ടിടം തകർന്ന് പരിക്കേറ്റ്, ദേഹമാസകലം പൊടിപടലം നിറഞ്ഞ്, മുഖത്ത് നിന്ന് ചോരയൊലിക്കുന്ന ആൺകുട്ടിയുടെ ചിത്രം ഉപയോഗിച്ച് യാഷ് ചെയ്ത ട്രോൾ ആയിരങ്ങളാണ് പങ്കുവെച്ചത്. ഫെയർ ആൻഡ് ലൗലി ക്രീമിന്റെ പരസ്യത്തിലുള്ള മോഡലിനൊപ്പം ഈ കുട്ടിയെ എഡിറ്റ് ചെയ്ത് ചേർത്തുവെച്ച് “ഫെയർ ആൻഡ് ലൗലി മീറ്റർ’’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഈ ട്രോൾ. ദശലക്ഷക്കണക്കിന് പേരാണ് ഇത് കണ്ടത്.
മറ്റൊരു പോസ്റ്റിൽ ആക്രമണത്തിൽ കാലുകൾ ചിന്നിച്ചിതറിയ ഒരു ഫലസ്തീൻ കുട്ടിയുടെ ഫോട്ടോയും പരിഹാസത്തിനായി യാഷ് ഉപയോഗിച്ചു. എക്സ്ട്രാ പാവ് ലാനാ (‘അധിക കാൽ തരൂ’) എന്നായിരുന്നു അടിക്കുറിപ്പ്.
ഒക്‌ടോബർ 29ന് അദ്ദേഹം ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചപ്പോൾ നിരവധി വലതുപക്ഷ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
വിദ്വേഷം പ്രചരിപ്പിക്കുന്നത് നിർത്തൂ -നെറ്റിസൺസ്
ആളുകളോട് ദയ കാണിക്കണമെന്നും വിദ്വേഷം പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും അദ്ദേഹത്തിന്റെ മരണം ചൂണ്ടിക്കാട്ടി നെറ്റിസൺസ് അഭ്യർഥിച്ചു. കഴിഞ്ഞ ദിവസം ഫലസ്തീനി കുരുന്നിന്റെ പൊട്ടിയ കാലുകളെ കളിയാക്കിയ മനുഷ്യനാണ് ഇന്ന് മരിച്ചുകിടക്കുന്നതെന്ന് അവർ ഓർമിപ്പിച്ചു. "Smokingskills07 ഇന്ന് മരിച്ചു... ജീവിതം അപ്രതീക്ഷിതമാണ്... ദയ കാണിക്കൂ... വിദ്വേഷം പ്രചരിപ്പിക്കരുത്" ഒരു ഉപയോക്താവ് എഴുതി.
"കർമം നമ്മെ തേടിവരും... Smokingskills07 ഒരു മികച്ച ഉദാഹരണമാണ്" -മറ്റൊരു ഉപയോക്താവ് എഴുതി.
‘‘ഫലസ്തീനികളെ കളിയാക്കിയ Smokingskills07 എന്ന ഈ വ്യക്തി ഇപ്പോൾ ഇല്ല. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു. ജീവിതം ചാക്രികമാണ്, കർമ്മം പ്രവചനാതീതമാണ്. പരസ്പരം ദയയും ബഹുമാനവും പുലർത്തുക” -മറ്റൊരു X ഉപയോക്താവ് ഓർമിപ്പിച്ചു.
അതേസമയം, യാഷിന്റെ വിയോഗത്തിൽ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ഹിന്ദുത്വ വെബ്സൈറ്റായ ഒപ് ഇന്ത്യയുടെ എഡിറ്റർ-ഇൻ-ചീഫ് നൂപൂർ ജെ ശർമ്മ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. "ശരിക്കും വാക്കുകൾ കിട്ടുന്നില്ല... അദ്ദേഹത്തിന്റെ അന്ത്യയാത്ര സുഖമായിരിക്കാനും മഹാദേവന്റെ കാൽക്കൽ അഭയം ലഭിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു. ഓം ശാന്തി...’ -അദ്ദേഹം ട്വീറ്റ് ചെയ്തു. ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലയും ആദരാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.