‘ഒച്ചയിടരുത്, ഞാൻ നിന്റെ തന്തയല്ല’; ടി.വി വാർത്തക്കിടെ പരസ്യമായി കൊമ്പുകോർത്ത് പാനലിസ്റ്റുകളായ അശുതോഷും ആനന്ദും -വിഡിയോ
text_fieldsന്യൂഡൽഹി: ന്യൂസ് ചാനലിൽ തത്സമയ വാർത്താ പരിപാടിക്കിടെ ‘ഏറ്റുമുട്ടി’ പാനലിസ്റ്റുകൾ. ചാനൽ ചർച്ചക്കിടെ മാധ്യമ പ്രവർത്തകനായ അശുതോഷും വലതുപക്ഷ നിരീക്ഷകനായ ആനന്ദ് രംഗനാഥനുമാണ് വാഗ്വാദത്തിലേർപ്പെട്ടത്. കൈയാങ്കളിയിലെത്തുന്നതിന് മുമ്പ് വാർത്താ അവതാരകയും സഹപാനലിസ്റ്റുകളും ചേർന്ന് ഇരുവരെയും മാറ്റുകയായിരുന്നു.
ടൈംസ് നൗ നവഭാരത് എന്ന ചാനലിലാണ് പാനലിസ്റ്റുകൾ തല്ലാനടുത്തത്. മുതിർന്ന മാധ്യമ പ്രവർത്തക നവിക കുമാറായിരുന്നു ബി.ജെ.പി അനുകൂല ചാനലിലെ വാർത്താ അവതാരക. രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമായ തെഹ്സീൻ പൂനെവാലയും പാനലിലുണ്ടായിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതിയിൽനിന്ന് ജാമ്യം അനുവദിച്ച വിഷയത്തിലായിരുന്നു ചർച്ച. ചർച്ചക്കിടെ പലതവണ ആനന്ദ് രംഗനാഥൻ വ്യക്തിപരമായി അശുതോഷിനെ വിമർശിച്ച് സംസാരിച്ചതോടെയാണ് രംഗം വഷളായത്.
‘അയാൾ നിരന്തരം എന്നെ മോശമായി പരാമർശിക്കുന്നു. അത്തരം കമന്റുകൾ നിർത്താൻ അയാളോട് പറയണം’ എന്ന് നവിക കുമാറിനോട് ഒരുതവണ അശുതോഷ് ക്ഷുഭിതനായി ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും ആരന്ദ് രംഗനാഥൻ അധിക്ഷേപം തുടർന്നതോടെ അശുതോഷിന് നിയന്ത്രണം വിട്ടു. സീറ്റ് വിട്ട് ആനന്ദ് രംഗനാഥനെതിരെ കനത്ത ശകാരവുമായി അദ്ദേഹം നിലയുറപ്പിച്ചതോടെ വാർത്താ അവതാരകയും സഹപാനലിസ്റ്റുകളും രംഗം ശമിപ്പിക്കാനുള്ള ശ്രമത്തിലായി പിന്നെ. അശുതോഷിന്റെ കനത്ത ‘ആക്രമണത്തിൽ’ പതറിപ്പോയ ആനന്ദ് രംഗനാഥൻ ‘ഒച്ചയിടരുത്, ഞാൻ നിന്റെ തന്തയല്ല, ഇറങ്ങിപ്പോകണം’ എന്ന് പറഞ്ഞതോടെ വാഗ്വാദം കനത്തു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് ഇരുവരെയും നിയന്ത്രിച്ചത്.
മുമ്പ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന അശുതോഷ് ആം ആദ്മി പാർട്ടിയുടെ വക്താവായിരുന്നു. രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ചാണ് വീണ്ടും മാധ്യമ പ്രവർത്തകനായത്. സത്യഹിന്ദിയുടെ സഹസ്ഥാപകനും എഡിറ്റോറിയൽ ഡയറക്ടറുമായ അദ്ദേഹം, ടെലിവിഷൻ ചാനലായ ഐ.ബി.എൻ7 ന്യൂസ് ആങ്കറും മാനേജിങ് എഡിറ്ററുമായിരുന്നു. ബി.ജെ.പി-ആർ.എസ്.എസ് അനുകൂല നിലപാടുകളുള്ള ആനന്ദ് രംഗനാഥന്റെ പല പ്രസ്താവനകളും സമീപകാലത്ത് ഏറെ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. കശ്മീർ പ്രശ്നം പരിഹരിക്കാൻ ഇസ്രായേൽ ഗസ്സയിൽ ചെയ്യുന്നതുപോലുള്ള നടപടികളാണ് വേണ്ടതെന്ന് ഇക്കഴിഞ്ഞ ജൂണിൽ രംഗനാഥൻ നടത്തിയ പ്രസ്താവന ഏറെ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
അതേസമയം ഈ ‘ഏറ്റുമുട്ടൽ’ ചാനൽ അധികൃതർ മനഃപൂർവം സൃഷ്ടിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയും പലരും രംഗത്തുവന്നിട്ടുണ്ട്. ‘ആളുകൾ നിങ്ങളുടെ മോശം ന്യൂസ് ചാനൽ കാണുന്നത് നിർത്തുമ്പോൾ, നിങ്ങൾ പുതിയ തട്ടിപ്പുമായി വരികയാണ്. നിങ്ങളുടെ പാനലിസ്റ്റുകൾ പരസ്പരം പോരടിക്കുകയെന്നതാണത്. രംഗനാഥ് അടുത്തിടെ ഹൃദയാഘാതത്തിൽ നിന്ന് സുഖം പ്രാപിച്ചയാളാണ്. എന്നിട്ടും നിങ്ങൾ അദ്ദേഹവുമായി വഴക്കിടുന്നു. കാരണം ടി.ആർ.പി ആണ് കൂടുതൽ പ്രധാനം’ -മാധ്യമപ്രവർത്തകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈർ ‘എക്സി’ൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.