‘സവർക്കറിനെ പോലെ ഭീരുത്വം കാണിക്കാതെ നേരിട്ട് വരൂ...’ -വീട് ആക്രമിച്ച ഗുണ്ടകളോട് ഉവൈസി
text_fieldsന്യൂഡൽഹി: സവർക്കറിനെ പോലെ ഭീരുവായി കുറച്ച് മഷി ഒഴിക്കുകയോ കല്ലെറിയുകയോ ചെയ്ത് ഓടിപ്പോകാതെ ധൈര്യമുണ്ടെങ്കിൽ തന്നോട് മുട്ടാൻ നേരിട്ട് വരണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. ന്യൂഡൽഹിയിലെ 34 അശോക റോഡിലുള്ള തന്റെ വസതിക്ക് നേരെ സംഘ്പരവാർ ബന്ധമുള്ള അഞ്ചംഗ ഗുണ്ടകൾ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഉവൈസിയുടെ വെല്ലുവിളി.
വസതിക്ക് മുന്നിലുള്ള മെയിൻ ഗേറ്റിലെ നെയിംബോർഡിൽ കറുത്ത മഷി ഒഴിക്കുകയും ഇസ്രായേലിനെ പിന്തുണക്കുന്ന പോസ്റ്റർ പതിക്കുകയും ചെയ്ത അക്രമികൾ വീടിന് നേരെ കല്ലെറിഞ്ഞിരുന്നു. ഇതിന് ശേഷം ജയ് ശ്രീറാം വിളിച്ചാണ് സംഘം മടങ്ങിയത്.
ഇതുകൊണ്ടൊന്നും തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് ഉവൈസി വ്യക്തമാക്കി. ഇത് എത്രാമത്തെ തവണയാണ് ഡൽഹിയിലെ വീടിന് നേരെ ആക്രമണമുണ്ടാവുന്നതെന്ന് തനിക്ക് അറിയില്ല. ഇതേക്കുറിച്ച് പരാതി നൽകാനായി പോയപ്പോൾ നിസ്സഹായരാണെന്ന മറുപടിയാണ് ഡൽഹി പൊലീസ് നൽകിയത്. അമിത് ഷായുടെ കൺമുന്നിലാണ് ഇത്തരം സംഭവം നടക്കുന്നത്. എം.പിമാർക്ക് സുരക്ഷ നൽകാൻ സാധിക്കുമോ ഇല്ലയോയെന്നത് സ്പീക്കർ ഓം ബിർള വ്യക്തമാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
ഇസ്രായേലിനൊപ്പം നിൽക്കുമെന്ന പോസ്റ്ററും വീടിന് മുന്നിൽ പതിച്ചിട്ടുണ്ട്. ലോക്സഭയിൽ എം.പിയായി സത്യപ്രതിജ്ഞ ചെയ്തതതിന് പിന്നാലെ ഉവൈസി ഫലസ്തീന് ജയ് വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവമുണ്ടായിരിക്കുന്നത്. തന്റെ വീടിന് നേരെ ആക്രമണമുണ്ടായ വിവരം ഉവൈസി തന്നെയാണ് അറിയിച്ചത്.
140 കോടി ഇന്ത്യക്കാർക്ക് വേണ്ടിയാണ് തങ്ങൾ ഉവൈസിയുടെ വീടിന് മുന്നിൽ ഇസ്രായേൽ അനുകൂല പോസ്റ്റർ പതിച്ചതെന്നും ഭാരത് മാത കീ ജയ് വിളിക്കാത്ത എം.പിമാർക്കെതിരെയും എം.എൽ.എമാർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും അക്രമികളിലൊരാൾ പറഞ്ഞു.
അതിനിടെ, അക്രത്തിന് നേതൃത്വം നൽകിയയാൾ ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ അടക്കമുള്ള ഉന്നത നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈർ പുറത്തുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.