ന്യൂസ്പേപ്പറുകളിൽ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കൾ നൽകുന്നതിന് വിലക്ക്
text_fieldsമുംബൈ: ന്യൂസ്പേപ്പറുകളിൽ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കൾ നൽകുന്നതിന് വിലക്ക്. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് വിലക്കേർപ്പെടുത്തിയത്. ന്യൂസ്പേപ്പറിൽ ഉപയോഗിക്കുന്ന മഷി ആരോഗ്യത്തിന് ഹാനികരമാവുമെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കർശന നിർദേശം ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് നൽകി.
വട പാവ്, പോഹ, മധുരപലഹാരങ്ങൾ, ഭേൽ മുതലായവ ന്യൂസ്പേപ്പറിൽ പൊതിഞ്ഞാണ് സാധാരണയായി മഹാരാഷ്ട്രയിൽ നൽകുന്നത്. ചൂടോടെ ഭക്ഷ്യവസ്തുക്കൾ ന്യൂസ്പേപ്പറിൽ പൊതിഞ്ഞ് നൽകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഫുഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. 2016ൽ ഭക്ഷ്യവസ്തുക്കൾ ന്യൂസ്പേപ്പറിൽ പൊതിഞ്ഞ് നൽകരുതെന്ന നിർദേശം ഭക്ഷ്യവകുപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇത് കർശന ഉത്തരവാക്കി മാറ്റിയിരുന്നില്ല. നിർദേശത്തിന് ശേഷവും പല ഭക്ഷ്യസ്റ്റാളുകളും ന്യൂസ്പേപ്പറിൽ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.