പശ്ചിമ ബംഗാളിൽ ബി.ജെ.പി മാർച്ച് തടഞ്ഞ സംഭവത്തിൽ സർക്കാർ റിപ്പോർട്ട് തേടി കൽക്കട്ട ഹൈകോടതി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ സെക്രട്ടേറിയറ്റ് മാർച്ച് തടഞ്ഞ പൊലീസ് നടപടി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹരജിയിൽ സംസ്ഥാനത്തെ ആഭ്യന്തര സെക്രട്ടറിയോട് റിപ്പോർട്ട് തേടി കൽക്കട്ട ഹൈകോടതി. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് ആർ ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കൊൽക്കത്തയിലെ ബി.ജെ.പി ആസ്ഥാനത്ത് സംരക്ഷണം ഉറപ്പാക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.
അനാവശ്യമായി ആരെയും അറസ്റ്റ് ചെയ്ത് തടങ്കലിൽ വെക്കരുതെന്നും കോടതി കൂട്ടിച്ചേർത്തു. റാലിയിൽ പങ്കെടുക്കുന്നതിൽ നിന്നും ബി.ജെ.പി അനുഭാവികളെ തടഞ്ഞ സംഭവത്തിൽ തിങ്കളാഴ്ചക്കകം മറുപടി നൽകാനാണ് കോടതി ഉത്തരവിട്ടത്. സംസ്ഥാനത്ത് സമാധാനം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
റാലിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ബി.ജെ.പി പ്രവർത്തകരെ തടഞ്ഞെന്നും പാർട്ടി നേതാക്കളെ ആക്രമിച്ചെന്നും ഹരജിയിൽ ആരോപിച്ചു. റാലിയിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനങ്ങൾ തടഞ്ഞതായും ആരോപണം ഉയർന്നു.
എന്നാൽ ഹൗറയിൽ 144 ഏർപ്പെടുത്തിയിട്ടുണ്ടെന്നും റാലിക്ക് അനുമതി നൽകിയിട്ടില്ലെന്നും അഡ്വക്കേറ്റ് ജനറൽ എസ്.എൻ മുഖർജി അവകാശപ്പെട്ടു. റാലിയിൽ പങ്കെടുത്ത ചിലർ അക്രമാസക്തമായ പ്രവർത്തനങ്ങളാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ചൊവ്വാഴ്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച ബി.ജെ.പി അനുഭാവികൾ പൊലീസുമായി ഏറ്റുമുട്ടിയതോടെയാണ് കൊൽക്കത്തയിലെയും ഹൗറ ജില്ലയിലെയും ചില ഭാഗങ്ങൾ യുദ്ധക്കളമായി മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.