അമിത് ഷായുടെ സ്വത്തുവിവരങ്ങളും ഇറാനിയുടെ വ്യാജഡിഗ്രി വാർത്തകളും നീക്കം ചെയ്തു
text_fieldsന്യൂഡൽഹി: ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായുടെ സ്വത്തിൽ മൂന്നൂറുശതമാനം വർധനയുണ്ടായെന്ന വാർത്തകളും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ബിരുദത്തെ കുറിച്ചുളള വാർത്തകളും ടൈംസ് ഒാഫ് ഇന്ത്യയും ഡി.എൻ.എയും വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തു. അഞ്ചു വർഷത്തിനിടെ അമിത് ഷായുടെ സ്വത്ത് 300 ശതമാനത്തിലധികം വർധിച്ചുവെന്ന വാർത്ത ശനിയാഴ്ചയാണ് ടൈംസ് ഒാഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അത് വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തു. 2012 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സത്യവാങ്മൂലത്തിൽ നൽകിയ വിവരപ്രകാരം അമിത് ഷാക്ക് 1.91 കോടിയുടെ ആസ്ഥിയാണുണ്ടായിരുന്നത്. എന്നാൽ 2017ൽ അത് 19.01 കോടിയായി ഉയർന്നുവെന്നായിരുന്നു വാർത്ത. സ്വത്തു വിവരങ്ങൾ പട്ടിക സഹിതമാണ് ടൈംസ് ഒാഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്. എന്നാൽ വാർത്തകൾ നീക്കം ചെയ്തതിനെ കുറിച്ച് പ്രതികരിക്കാൻ എഡിറ്റർമാർ തയാറായിട്ടില്ല.
ടെക്സ്റ്റെൽസ്, വാർത്തവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനി സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം പൂറത്തിയാക്കിയിട്ടില്ലെന്ന വാർത്തയും വെബ്സൈറ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്മൃതി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസം രേഖപ്പെടുത്താനുള്ള കോളത്തിൽ ബി.കോം പാർട്ട് 1 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അമേത്തിയിൽ സ്മൃതിക്കെതിരെ മത്സരിച്ച കോൺഗ്രസ് ഉപാധ്യാക്ഷൻ രാഹുൽ ഗാന്ധി ഇത് ചൂണ്ടിക്കാണിച്ചിരുന്നു.
1994 ൽ ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്നും വിദൂരപഠന കോഴ്സ് വഴി ബി.കോം ബിരുദം ചെയ്തുവെന്നാണ് സ്മൃതി അവകാശപ്പെട്ടത്. 2011 ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ സത്യവാങ്മൂലത്തിലും ഇതു തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ന്യൂഡൽഹിയിലെ ചാന്ദ്നി ചൗകിൽ നിന്നും മത്സരിച്ച സ്മൃതി 1996 ൽ വിദൂരപഠന കോഴ്സിലൂടെ ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്നും ബി.എ നേടിയെന്നാണ് രേഖപ്പെടുത്തിയത്.
വാർത്തകൾ തെളിവുകൾ സഹിതം ടൈംസ് ഒാഫ് ഇന്ത്യയും സഹോദര സ്ഥാപനങ്ങളായ ഇക്ണോമിക് ടൈംസും നവഭാരത് ടൈംസും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇൗ വാർത്തകളെല്ലാം ഇൗ വെബ്സൈറ്റുകളിൽ നിന്നും നീക്കം ചെയ്യുകയാണുണ്ടായത്. ഗൂഗിൾ ന്യൂസ് വഴി ഒൗട്ട്ലുക്ക് ഹിന്ദി വെബ്സൈറ്റിൽ ഇൗ വാർത്ത ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ലഭ്യമല്ല.
അമിത്ഷായുടെ സ്വത്ത് വർധനയെ കുറിച്ച് ഡി.എൻ.എ പത്രത്തിൽ ജൂലൈ 29 ന് പ്രസിദ്ധീകരിച്ച വാർത്തയും വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ഡി.എൻ.എയുടെ ഇ പേപ്പറിൽ ഇൗ വാർത്ത ലഭ്യമാണ്.
അഞ്ചു വർഷത്തിനിടെ 300 ശതമാനത്തിലേറെ ആസ്ഥി വർധിച്ചത് എങ്ങനെയെന്ന് വിശദീകരിക്കണമെന്നും എന്തു ബിസിനസാണ് അമിത് ഷാ ചെയ്യുന്നതെന്നും ആം ആദ്മി പാർട്ടി നേതാവ് അശുതോഷ് ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.