കുേന്ദഷും ബബിതയും തള്ളിനീക്കിയത് കരിപുരണ്ട ഒരു വർഷം
text_fieldsഖജൂരി ഖാസിൽനിന്ന് മുസ്തഫാബാദിലേക്കുള്ള റോഡിന് അഭിമുഖമായി കരിയും പുകയും പിടിച്ച കുന്ദേഷിെൻറ നാലുനില കെട്ടിടം ഡൽഹി വംശീയാക്രമണത്തിെൻറ സ്മാരകമായി കഴിഞ്ഞ ഒരു വർഷമായി തലയുയർത്തി നിൽക്കുന്നത് കാണാം.
ഭർത്താവും രണ്ടുമക്കളും അകാലത്തിൽ രോഗബാധിതരായി മരിച്ച ശേഷം മരുമകൾ ബബിതക്കും അനാഥരായ രണ്ട് പേരമക്കൾക്കുമൊപ്പം ഖജൂരി ഖാസിൽ കഴിയുകയായിരുന്ന കുന്ദേഷ്. കലാപകാരികൾ നടത്തിയ തീവെപ്പിലും സ്ഫോടനത്തിലും തകർന്ന തങ്ങളുടെ കെട്ടിടം പുനർനിർമിക്കാൻ ഒരു വർഷമായി ആരുമെത്താതിരുന്നപ്പോഴാണ് ഖജൂരിഖാസിൽ ഡസൻ കണക്കിന് ഫ്ലാറ്റുകളും ഷോപ്പുകളും കെട്ടിടങ്ങളും പുനർനിർമിച്ച് ഇരകളെ പുനരധിവസിപ്പിച്ച 'വിഷൻ 2026' വളൻറിയർമാരെ കുന്ദേഷും മരുമകൾ ബബിതയും സമീപിക്കുന്നത്.
രണ്ട് ആൺമക്കളായിരുന്നു കുന്ദേഷിന്. 17 വർഷം മുമ്പ് വിവാഹം കഴിപ്പിക്കുന്നതിനും മുേമ്പ ആദ്യ മകൻ മരിച്ചു. എട്ടുവർഷം മുമ്പ് ഭർത്താവ് സൻസാർ സിങ്ങും മരിച്ചു. ബബിതയുടെ ഭർത്താവായ രണ്ടാമത്തെ മകൻ അങ്കൂർ 2019 സെപ്റ്റംബർ 22ന് ഹൃദയസ്തംഭനം മൂലം മരിച്ചതോടെ മുതിർന്ന പുരുഷന്മാരില്ലാതായ വീട്ടിൽ ഈ രണ്ട് വിധവകളും രണ്ട് കുട്ടികളുമായി. വ്യത്യസ്ത വീടുകളിലായിരുന്ന ഇരു വിധവകളും അങ്കൂർ മരിച്ച ശേഷം ഒരുമിച്ച് ഖജൂരി ഖാസിലേക്ക് താമസം മാറി. സ്വന്തമായുള്ള നാലുനില കെട്ടിടത്തിലെ ഷോപ്പുകളിൽനിന്ന് കിട്ടുന്ന വാടകകൊണ്ട് ഒരു നിലയിലൊരുക്കിയ ഫ്ലാറ്റിൽ ജീവിതം മുന്നോട്ടുനീക്കുകയായിരുന്നു.
കലാപത്തിെൻറ രണ്ടു ദിവസം മുമ്പ് (കഴിഞ്ഞ വർഷം ഫെബ്രുവരി 21ന്) മീററ്റിലേക്ക് വിവാഹത്തിനായി പോയതായിരുന്നു. സ്വന്തം ഫ്ലാറ്റും വാടകക്ക് കൊടുത്ത ഷോപ്പുകളുമടക്കം മൂന്നു നില കെട്ടിടമൊന്നാകെ കത്തിച്ചാമ്പലായെന്ന വിവരം ഫെബ്രുവരി 25നാണ് അറിഞ്ഞത്. രണ്ടു വർഷമായി ഈ ഗലിയിൽ സ്ഥിരതാമസമായ താൻ എല്ലാ വിഭാഗം ജനങ്ങളുമായും നല്ല ബന്ധത്തിലാണെന്ന് കുന്ദേഷ് പറഞ്ഞു. മുസൽമാനെന്നോ ഹിന്ദുവെന്നോ വ്യത്യാസമില്ലാതെ ഷോപ്പുകൾ വാടകക്ക് നൽകിയിരുന്നു.
ഒരു നിലയിലെ റിയാസിെൻറ ബാഗ് നിർമാണ ഫാക്ടറിയും മറ്റേ നിലയിലെ ഹസീലിെൻറ വസ്ത്ര നിർമാണ യൂനിറ്റും തീവെക്കാനും തകർക്കാനും എറിഞ്ഞ പെട്രോൾ ബോംബുകളുടെ അവശിഷ്ടങ്ങൾ ഒരു വർഷം കഴിഞ്ഞും ഒന്നാം നിലയിലെ മൂലയിലുണ്ട്.
ഏറ്റവും താഴത്തെ നിലയിൽ രണ്ട് കടകളിൽ ഒന്ന് മുസ്ലിമിെൻറയും മറ്റൊന്ന് ഹിന്ദുവിെൻറയും ഷോപ്പുകളായിരുന്നു. അതിൽ മുസ്ലിമിെൻറ കട കത്തിച്ച കലാപകാരികൾ മറ്റേ കടയെ തൊട്ടില്ലെന്ന് കുന്ദേഷ് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽനിന്ന് ഫോൺ വന്നപ്പോഴും ആരുടെയൊക്കെ കടകളാണ് കത്തിയതെന്നോ ആരാണ് കത്തിച്ചതെന്നോ അറിഞ്ഞിരുന്നില്ല.
കലാപത്തെ തുടർന്ന് മീററ്റിൽനിന്ന് ഡൽഹിയിലേക്കുള്ള ബസ് സർവിസുകൾ റദ്ദാക്കിയിരുന്നതിനാൽ മാർച്ച് ഒന്നിനാണ് തിരിച്ചുവന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഖജൂരി ഖാസിൽ നൽകിയ നഷ്ടപരിഹാര കണക്ക് പ്രകാരം ഒരു നിലക്ക് 2.25 ലക്ഷം വീതം ഒമ്പത് ലക്ഷം രൂപയെങ്കിലും നാല് നിലകളുള്ള കെട്ടിടത്തിന് കുന്ദേഷിന് ലഭിക്കേണ്ടതായിരുന്നു. എന്നാൽ, എസ്.ഡി.എം ഓഫിസിൽ ചെല്ലുേമ്പാഴെല്ലാം ഫയൽ മുന്നോട്ടുനീങ്ങിയിട്ടുണ്ടെന്നും ഉടൻ ലഭിക്കുമെന്നുമുള്ള മറുപടി മാത്രം.
കലാപത്തിൽ കത്തിച്ചാമ്പലായ കെട്ടിടം കരിപിടിച്ച് കിടന്നിട്ട് ഒരു വർഷം തികയുേമ്പാഴും ഒന്നും ലഭിച്ചില്ല. ഒരു വർഷം കഴിയുേമ്പാഴും ഒരാളും സഹായിക്കാൻ വന്നില്ല. റോഡിനിരുവശത്തും അകത്തുമുള്ള ഗലികളിലും ഡസൻകണക്കിന് വീടുകളും ഷോപ്പുകളും കെട്ടിടങ്ങളും പുനർനിർമിച്ചത് കണ്ടാണ് 'വിഷൻ 2026' വളൻറിയർമാരെ സമീപിക്കാൻ കുന്ദേഷിന് തോന്നിയത്. അടുത്തയാഴ്ച നിർമാണ പ്രവൃത്തിക്ക് ധാരണയൊപ്പിട്ടു. കൂടാതെ ബബിതക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളുടെ ചികിത്സക്ക് വിഷനു കീഴിൽ ഓഖ്ലയിലെ അൽശിഫ ആശുപത്രിയിൽ ക്രമീകരണമൊരുക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.