സൗദി ഹജ്ജ് കാര്യ മന്ത്രി ഇന്ത്യയിൽ
text_fieldsന്യൂഡൽഹി: സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ ഇന്ത്യയിലെത്തി. ഉംറ നിർവഹിക്കുന്നവർക്കുള്ള സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന്‍റെയും ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെയും ഭാഗമായാണ് സന്ദർശനം. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ മേഖലയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും പ്രതിനിധികളും അദ്ദേഹത്തോടൊപ്പമുണ്ട്.
'സൗദി വിഷൻ 2030' പദ്ധതികളുടെ കൂടി ഭാഗമായി ഉംറ നടപടിക്രമങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലും തീർഥാടകർക്കും ഉംറ നിർവഹിക്കാനെത്തുന്നവർക്കും സമഗ്ര പദ്ധതിയൊരുക്കുന്നതിലും കാര്യമായ പുരോഗതി കൈവരിക്കാൻ ലക്ഷ്യമിട്ടാണ് മന്ത്രിയുടെ ഇന്ത്യാ സന്ദർശനം. ഉംറ നിർവഹിക്കാനെത്തുന്നവർക്കും സന്ദർശകർക്കും മികച്ച സേവനം നൽകുന്നതിൽ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി വിവിധ രാജ്യങ്ങളിൽ നടത്തുന്ന സന്ദർശനത്തിന്‍റെ ഭാഗമാണ് ഇന്ത്യയിലെയും സന്ദർശനം.
ഹജ്ജ് ഉംറ സേവന മേഖലയിലെ സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് മന്ത്രി ഉന്നതതല ചർച്ചകൾ നടത്തും. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് രണ്ട് പരിശുദ്ധ മസ്ജിദുകളിലേക്കുമുള്ള സഞ്ചാരം സുഗമമാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്യും.
ഉംറ സന്ദർശനത്തിന്‍റെ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി നുസൂക് പ്ലാറ്റ്ഫോമിന്‍റെയും തഷീർ ഇ-വിസ കേന്ദ്രത്തിന്‍റെയും ഉദ്ഘാടന പ്രദർശനം സംഘടിപ്പിക്കും. ഇന്ത്യൻ തീർഥാടകർക്ക് തടസമില്ലാത്തതും സൗകര്യപ്രദവുമായ സേവനം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണിത്. നുസൂക് പ്ലാറ്റ്ഫോമിന്‍റെയും ഉംറ വിസയുടെയും മെച്ചങ്ങളിലൂന്നിക്കൊണ്ട് ഇന്ത്യയിൽ നിന്നുള്ള അതിഥികൾക്ക് ലഭ്യമായ സൗകര്യങ്ങൾ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യയിലെ സൗദി എംബസി പ്രസ്താവനയിൽ പറഞ്ഞു.
ഹജ്ജുമായി ബന്ധപ്പെട്ട് ലോകരാഷ്ട്രങ്ങളുമായി മികച്ച ആശയവിനിമയ മാർഗങ്ങളും ശക്തമായ സഹകരണവും ഉറപ്പുവരുത്തുന്നതിനുള്ള മന്ത്രാലയത്തിന്‍റെയും അതിന്‍റെ പങ്കാളികളുടെയും ശ്രമങ്ങളുടെ ഭാഗമാണ് വിവിധ രാജ്യങ്ങളിലെ സന്ദർശനം. ഉംറ നിർവഹിക്കാനെത്തുന്നവർക്കും സന്ദർശകർക്കും രാജ്യത്ത് ഒരുക്കിയ മികച്ച സൗകര്യങ്ങളും സേവനങ്ങളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക ഈ സന്ദർശനങ്ങളിലൂടെ ലക്ഷ്യമിടുന്നു -പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.