പ്രശാന്ത് പവാറിനെ കണ്ടു; 2024 ൽ മോദിയെ മുട്ടുകുത്തിക്കാനുള്ള പടയൊരുക്കമോ
text_fieldsമുംബൈ: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ മുംബൈയിലെത്തി എൻ.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെ പുതിയ പടയൊരുക്കങ്ങളുടെ സാധ്യത പ്രവചിച്ച് രാഷ്ട്രീയ കേന്ദ്രങ്ങൾ. പവാറിന്‍റെ ദക്ഷിണ മുംബൈയിലുളള വസതിയിലായിരുന്നു കൂടിക്കാഴ്ച. 2024 ലെ ലോക്സഭ തെരഞ്ഞെുടപ്പിന് മുന്നോടിയായി, പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിച്ച് മോദിക്കെതിരായ പൊതുമുന്നേറ്റം ലക്ഷ്യം വെച്ചാണ് കുടിക്കാഴ്ചയെന്നാണ് അഭ്യൂഹമുയരുന്നത്.
ബംഗാളിൽ മമത ബാനർജി, തമിഴ്നാട്ടിൽ എം.കെ സ്റ്റാലിൻ എന്നിവരുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രശാന്ത് കിഷോർ ഇരുവരുടെയും വിജയത്തിൽ നന്ദി പ്രകാശിപ്പിക്കാനാണ് ശരദ് പവാറിനെ കാണുന്നതെന്നാണ് ഒൗദ്യോഗിക വിശദീകരണം. ഇരുവർക്കും പിന്തുണ നൽകിയ മുഴുവൻ നേതാക്കളെയും തുടർ ദിവസങ്ങളിൽ പ്രശാന്ത് കിഷോർ കാണുന്നുമുണ്ട്. എന്നാൽ, ഈ നീക്കം പ്രതിപക്ഷ ഐക്യം ഉറപ്പാക്കാനാണെന്നാണ് സൂചന.
ബംഗാളിൽ ബി.ജെ.പിയുടെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ച് മിന്നുന്ന വിജയം നേടിയ മമത ബാനർജിയെ ഉയർത്തികാട്ടി മോദിക്കെതിരായ പ്രചാരണം തുടങ്ങുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ കൂടിയാണ് പ്രശാന്ത് നേതാക്കളെ കാണുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ബി.ജെ.പിയുടെ ശക്തമായ പ്രലോഭനങ്ങളിൽ പാർട്ടി ആടിയുലഞ്ഞ തെരഞ്ഞെടുപ്പ് കാലത്തിന് ശേഷം വിശ്വസ്തരെ ഉൾപ്പെടുത്തി തൃണമൂൽ പുന:സംഘടിപ്പിച്ച മമത ബംഗാളിന് പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്‍റെ സൂചനകൾ നേരത്തെ നൽകിയിരുന്നു. പരസ്യപ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും അത്തരം വാർത്തകൾ മമത ഒരിക്കലും നിഷേധിച്ചിട്ടില്ല.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നെ, യു.പിയിലടക്കം നടക്കുന്ന നിയമസഭ െതരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നയിക്കുന്ന മുന്നണിക്ക് തിരിച്ചടി ഉണ്ടായില്ലെങ്കിൽ 2024 ലെ പൊതുതെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് കടുത്തതാകും. ഇതുകൂടി മുന്നിൽ കണ്ടാണ് പ്രതിപക്ഷ നിര ഐക്യ സാധ്യത തേടുന്നത്.
അതിനിടെ, മഹാരാഷ്ട്രയിലെ എൻ.സി.പിയുടെയും കോൺഗ്രസിന്റെയും സഖ്യകക്ഷിയായ ശിവസേന ബി.ജെ.പിയുമായി അടുക്കാനുള്ള സാധ്യതയും ശരദ് പവാർ മുന്നിൽ കാണുന്നുണ്ട്. പ്രത്യക്ഷമായി വിള്ളലുകളൊന്നും ഇല്ലെങ്കിലും, സഖ്യ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന് പവാറടക്കമുള്ളവർ ആവർത്തിക്കുേമ്പാഴും ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം മാറാനുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം വ്യക്തിപരമായി നടത്തിയ കൂടിക്കാഴ്ച ഈ സാധ്യത വർധിപ്പിക്കുന്നുമുണ്ട്.
'ഞങ്ങൾ രാഷ്്ട്രീയമായി ഒരുമിച്ചല്ലെങ്കിലും ഞങ്ങളുടെ ബന്ധത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഉദ്ദവ് താക്കറെ ഈ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിച്ചത്. മോദിയെ വാഴ്ത്തി ശിവസേന നേതാവ് സജ്ഞയ് റാവത്തും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രശാന്ത് - പവാർ കുടിക്കാഴ്ച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.