'പശുപതിയെ കേന്ദ്രമന്ത്രിയാക്കിയത് ശരിയല്ല' -നിയമ നടപടിയുമായി ചിരാഗ് പാസ്വാൻ
text_fieldsന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോൾ എൽ.ജെ.പി പ്രതിനിധിയായി പശുപതി കുമാർ പരാസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെതിരെ എൽ.ജെ.പി രംഗത്ത്. വിമത പ്രവർത്തനത്തിന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ആളെ മന്ത്രിയാക്കിയത് അംഗീകരിക്കാനാവില്ലെന്ന് എൽ.ജെ.പി പ്രസിഡന്‍റും പശുപതിയുടെ സഹോദരൻ രാംവിലാസ് പാസ്വാന്‍റെ മകനുമായ ചിരാഗ് പാസ്വാൻ പറഞ്ഞു.
എൻ.ഡി.എ സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടിയുടെ പ്രതിനിധിയായി പരാസ് ബുധനാഴ്ച കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രിയായി ചുമതലയേറ്റിരുന്നു. ഇതിനുപുറമെ, എൽ.ജെ.പിയുടെ പാർലമെന്‍റ് പാർട്ടി നേതാവായും ഇയാളെ കഴിഞ്ഞദിവസം സ്പീക്കർ നിയമിച്ചു. സ്പീക്കറുടെ നടപടിക്കെതിരെ ചിരാഗ് പാസ്വാന്‍റെ നേതൃത്വത്തിലുള്ള വിഭാഗം ഡൽഹി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
പശുപതിയും ചിരാഗും ഉൾപ്പെടെ ആറ് ലോക്സഭാ എംപിമാരാണ് എൽ.ജെ.പിക്കുള്ളത്. ഇതിൽ അഞ്ചുപേർ പാസ്വാൻ വിരുദ്ധ ചേരിയിലാണ്. ഇവർ യോഗംചേർന്ന് ദേശീയ പ്രസിഡന്‍റായും പാർലമെന്‍ററി നേതാവായും പരാസിനെ തെരഞ്ഞെടുക്കുകയായിരുന്നു. വിവരം ലോക്സഭാ സ്പീക്കർ ഓം ബിർളയെ അറിയിക്കുകയും സ്പീക്കർ അത് അംഗീകരിക്കുകയും ചെയ്തു. എൽ.ജെ.പി എംപിയും പാർട്ടി അധ്യക്ഷനുമായ ചിരാഗ് പാസ്വാനെ അട്ടിമറിക്കാനായിരുന്നു ഈ നീക്കം. തുടർന്ന് പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് അഞ്ച് എം.പിമാരെയും എൽ.ജെ.പി പുറത്താക്കി.
എൽ.ജെ.പി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ 75 അംഗങ്ങളിൽ 66 പേരും തന്‍റെ കൂടെയാണെന്ന് ചിരാഗ് വ്യക്തമാക്കുന്നു. അതിനാൽ ദേശീയ പ്രസിഡന്‍റാണെന്ന പരാസിന്‍റെ അവകാശവാദം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലോ കോടതിയിലോ നിലനിൽക്കില്ലെന്നും പാസ്വാൻ അവകാശപ്പെടുന്നു.
പുറത്താക്കപ്പെട്ട എം.പി പശുപതി പരാസിനെ ലോക്സഭയിൽ എൽ.ജെ.പി നേതാവായി പ്രഖ്യാപിച്ച സ്പീക്കറുടെ തീരുമാനത്തിനെതിരെ പാർട്ടി ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയ വിവരം ചിരാഗ് പാസ്വാനാണ് ട്വിറ്ററിലൂടെ അറിയിച്ചത്. സഖ്യകക്ഷികളോടുള്ള മിനിമം മര്യാദ പാലിക്കുന്നതിൽ ബി.ജെ.പി വീഴ്ച വരുത്തിയതായും എൽ.ജെ.പി പറഞ്ഞു. പരാസിനെ കേന്ദ്രമന്ത്രിയാക്കുന്നതിൽ പാർട്ടിക്ക് പ്രശ്‌നവുമില്ലെന്നും എന്നാൽ, അദ്ദേഹത്തെ എൽജെപി മന്ത്രിയായി കണക്കാക്കാനാവില്ലെന്നും പാർട്ടി പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി അബ്ദുൽ ഖാലിക്ക് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യകക്ഷിയായിരുന്ന എൽ.ജെ.പി ഇക്കഴിഞ്ഞ ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യത്തിൽനിന്ന് പിൻമാറിയിരുന്നു. നിതീഷ് കുമാറിന്‍റെ ജെ.ഡി.യുവിനോടുള്ള എതിർപ്പാണ് സഖ്യം വിടാൻ പ്രേരിപ്പിച്ചത്. എന്നാൽ, തനിച്ച് മത്സരിക്കാനുള്ള ചിരാഗ് പാസ്വാന്‍റെ തീരുമാനം പരാസിന് ഇഷ്ടമായിരുന്നില്ല. എന്നുമാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിൽ 243 സീറ്റുകളിൽ ഒരെണ്ണം മാത്രമാണ് പാർട്ടി നേടിയത്. ഇതോടെയാണ് പാസ്വാനും പരാസും തമ്മിൽ ശത്രുതയിലായത്. പരാസിനെ കേന്ദ്രമന്ത്രിയാക്കിയതോടെ എൽ.ജെ.പിയിലെ ഭിന്നത രൂക്ഷമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.