ചൈനയെ പ്രതിഷേധം അറിയിച്ചതുകൊണ്ടായില്ല, ശക്തമായ നിലപാട് വേണം -ശശി തരൂർ
text_fieldsന്യൂഡൽഹി: ചൈനക്കെതിരെ ഇന്ത്യ ശക്തമായ നിലപാടെടുക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രശ്നങ്ങളുണ്ടാകുമ്പോൾ ചൈനയെ പ്രതിഷേധം അറിയിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം എൻ.ഡി.ടി.വി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ അഭിപ്രായപ്പെട്ടു. ചൈനീസ് പാസ്പോർട്ടുള്ള തിബറ്റുകാർക്ക് സ്റ്റേപിൾഡ് വിസ നൽകുന്നത് പരിഗണിക്കണമെന്നും ‘ഏക ചൈന’ നയത്തെ പിന്തുണക്കുന്നത് അവസാനിപ്പിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
അരുണാചൽ പ്രദേശും അക്‌സായി ചിൻ മേഖലയും തങ്ങളുടെ ഭാഗമാക്കി ചൈന പുറത്തിറക്കിയ ഔദ്യോഗിക ഭൂപടത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരം നടപടികൾ അതിർത്തി പ്രശ്നം കൂടുതൽ വഷളാക്കുകയേയുള്ളൂവെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ്, തരൂരിന്റെ പ്രതികരണം.
‘ഇതൊരു പുതിയ സംഭവമല്ല. ഇത് 1950കളിൽ ആരംഭിച്ചതാണ്. ഇന്ത്യയുടെ ഭാഗമായ ചില മേഖലകൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയതുകൊണ്ട് എന്തെങ്കിലും മാറ്റം വരുമെന്ന് ഞാൻ കരുതുന്നില്ല. ഈ പ്രദേശങ്ങൾ ഇന്ത്യയുടെ സുപ്രധാന ഭാഗം തന്നെയാണ്. അരുണാചൽ പ്രദേശ് അവരുടേതാണെന്ന് അവകാശപ്പെടുന്ന മാപ്പിനെതിരെ നമ്മൾ പ്രതിഷേധം അറിയിച്ചു. ഇത് ചൈനയുടെ വളരെ പഴക്കമുള്ളൊരു രീതിയാണ്. നമ്മുടെ പ്രതിഷേധങ്ങൾ അവഗണിക്കുന്നതും അവരുടെ രീതിയാണ്. ഇത്തവണയും നമ്മൾ പ്രതിഷേധം അറിയിക്കുന്നതിൽ എല്ലാം അവസാനിപ്പിക്കുകയാണോ? നമ്മുടെ അതൃപ്തി അറിയിക്കാൻ വേറൊരു മാർഗവുമില്ലേ? ചൈനീസ് പാസ്പോർട്ടുള്ള തിബറ്റുകാർക്ക് എന്തുകൊണ്ട് സ്റ്റേപ്പിൾഡ് വിസ അനുവദിച്ചുകൂടാ? ഏക ചൈന നയത്തിന് നൽകിവരുന്ന പിന്തുണയും പിൻവലിക്കണം’’ –തരൂർ ആവശ്യപ്പെട്ടു.
നമ്മുടെ ഭൂപ്രദേശങ്ങൾ ഏതൊക്കെയാണെന്ന കാര്യത്തിൽ നമുക്ക് വ്യക്തമായ ധാരണയുണ്ടെന്നും നമ്മുടെ ഭൂപ്രദേശങ്ങൾ സംരക്ഷിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ സർക്കാരിന് കൃത്യമായ നിലപാടുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വെറുതെ യുക്തിരഹിതമായ അവകാശവാദങ്ങൾ ഉന്നയിച്ചതുകൊണ്ട് മാത്രം ഒരു രാജ്യത്തിന്റെ ഭൂപ്രദേശം മറ്റൊരാളുടേതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.