നിയമവൃത്തിക്ക് ഇപ്പോഴും ഫ്യൂഡൽ ഘടന; സ്ത്രീകൾ പടിക്കുപുറത്തു തന്നെ -ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്
text_fieldsന്യൂഡൽഹി: നിയമവൃത്തിക്കിപ്പോഴും ഫ്യൂഡൽ ഘടനയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. പുരുഷാധിപത്യ സ്വഭാവം പുലർത്തുന്ന ഈ മേഖല സ്ത്രീകളെ വേണ്ടവിധം ഉൾക്കൊള്ളുന്നില്ല. നിയമമേഖലയിൽ കൂടുതൽ വനിതകളെത്താൻ ജനാധിപത്യപരവും മെറിറ്റ് അടിസ്ഥാനത്തിലുള്ളതുമായ സംവിധാനം ഒരുങ്ങണം. എങ്കിൽ മാത്രമേ, സ്ത്രീകളും പാർശ്വവത്കൃതരും ഈ രംഗത്ത് സാന്നിധ്യം ഉറപ്പിക്കുകയുള്ളൂ. -ചന്ദ്രചൂഡ് പറഞ്ഞു. 'ഹിന്ദുസ്ഥാൻ ടൈംസ്' നേതൃത്വ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമവ്യവസ്ഥയിലേക്കുള്ള പ്രവേശനത്തിന് സ്ത്രീകൾക്ക് അവസരമൊരുക്കണം. മുതിർന്ന അഭിഭാഷകരുടെ ചേംബറുകൾ പലപ്പോഴും പുരുഷൻമാരുടെ ക്ലബുകൾ പോലെയാണ്. കോടതി നടപടികൾ ലൈവായി കാണാനുള്ള സൗകര്യത്തെ അനുകൂലിച്ചും അദ്ദേഹം സംസാരിച്ചു. ഹൈകോടതികളുടെയും ജില്ല കോടതികളുടെയും നടപടികൾ ലൈവായി നൽകാവുന്നതാണ്. സുതാര്യമല്ലാതിരിക്കുക എന്നത് ഭരണഘടനയെ അടിസ്ഥാനമാക്കിയ ജനാധിപത്യ സംവിധാനത്തിന് വലിയ വെല്ലുവിളികൾ സൃഷ്ടിക്കും. നടപടികൾ തുറന്ന പുസ്തകമാക്കുമ്പോൾ സുതാര്യത കൈവരും. ജനങ്ങളോട് കൂടുതൽ ഉത്തരവാദിത്തമുണ്ടാകും. -ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.