നീറ്റ് പരീക്ഷയിൽ വീണ്ടും തോറ്റ വിഷമത്തിൽ വിദ്യാർഥി ജീവനൊടുക്കി; പിന്നാലെ പിതാവും
text_fieldsചെന്നൈ: നീറ്റ് പരീക്ഷയിൽ രണ്ടാം തവണയും പരാജയപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന വിദ്യാർഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ പിതാവും ജീവനൊടുക്കി. മകന്റെ സംസ്‌കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് പിതാവ് തൂങ്ങിമരിച്ചത്. ചെന്നൈയിലെ ക്രോമപേട്ടക്ക് സമീപത്തെ കുറിഞ്ഞി സ്വദേശി എസ്. ജഗദീശ്വരന്‍ (19) എന്ന വിദ്യാര്‍ഥി ശനിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. മകന്റെ വിയോഗത്തെ തുടര്‍ന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു പിതാവ് പി. ശെല്‍വകുമാര്‍. മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ശെല്‍വകുമാര്‍ ഞായറാഴ്ച അർധരാത്രി വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
12ാം ക്ലാസിൽ 85 ശതമാനം മാര്‍ക്ക് നേടിയ ജഗദീശ്വരന്‍, നീറ്റ് പരീക്ഷ രണ്ടുതവണ എഴുതിയിട്ടും പാസാകാന്‍ കഴിഞ്ഞിരുന്നില്ല. വീണ്ടും പരീക്ഷക്ക് തയാറെടുക്കാൻ പിതാവ് ജഗദീശ്വരനെ ചെന്നൈ അണ്ണാനഗറിലെ നീറ്റ് പരിശീലന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന ജഗദീശ്വരന്‍ ശനിയാഴ്ച വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് ജീവനൊടുക്കുകയായിരുന്നു. പുറത്തു പോയിരുന്ന പിതാവ്, മകനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടുജോലിക്കാരിയോട് മകനെ നോക്കാന്‍ പറയുകയായിരുന്നു. ഇവര്‍ എത്തി നോക്കുമ്പോഴാണ് ജഗദീശ്വരനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അയല്‍ക്കാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വിദ്യാര്‍ഥിയുടെയും പിതാവിന്റെയും മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നീറ്റ് വിവാദം വീണ്ടും ചൂടുപിടിക്കുകയാണ്. 2017ന് ശേഷം ഇരുപത്തിയഞ്ചോളം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ പാസാകാന്‍ കഴിയാത്തതിന്റെ മാനസിക സംഘർഷത്തിൽ ജീവനൊടുക്കിയത്. നീറ്റ് ആഗ്രഹിക്കുന്നവരോട് ആത്മഹത്യാ പ്രവണതകൾ കാണിക്കരുതെന്നും ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അഭ്യർഥിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും നീറ്റ് തടസ്സങ്ങൾ ഇല്ലാതാകുമെന്നും സ്റ്റാലിൻ പറഞ്ഞു.
നീറ്റ് പരീക്ഷ ഒഴിവാക്കാനായി 2021ല്‍ ഡി.എം.കെ സര്‍ക്കാര്‍ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ആര്‍.എന്‍. രവി ഒപ്പിടാന്‍ തയാറായില്ല. നീറ്റ് വിരുദ്ധ ബില്‍ ഒപ്പിടുന്ന പ്രശ്‌നമില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.