ഡോക്ടറെ തേടി അലയേണ്ട, സ്നേഹയുടെ ഇ -സ്ലിപ് നൽകും വിവരങ്ങൾ
text_fieldsകാൻപൂർ: ഗ്രാമവാസികളായ രോഗികളും ഡോക്ടർമാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ആപ് നിർമ്മിച്ച് വിദ്യാർഥിനി. കാൻപൂർ ഛത്രപതി ഷാഹു ജി മഹാരാജ് യൂനിവേഴ്സിറ്റി (സി.എസ്.ജെ.എം.യു) വിദ്യാർഥിനി സ്നേഹയാണ് ആപ്ലിക്കേഷന് പിന്നിൽ. ഇ -സ്ലിപ് എന്ന പേരിൽ നിർമ്മിച്ച ആപ്പിലൂടെ ഡോക്ടർമാരെ സംബന്ധിച്ച വിവരങ്ങൾ വീട്ടിലിരുന്നുകൊണ്ട് അറിയാനാകും.
ഏതൊക്കെ സമയത്താണ് ഡോക്ടർമാർ പരിശോധന നടത്തുന്നതെന്ന് ഇതിലൂടെ അറിയാനാകും. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും താമസിക്കുന്ന രോഗികൾക്ക് ഡോക്ടർമാരെയും ആശുപത്രികളെയും സംബന്ധിച്ച വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ്, ഐ.ഒ.എസ് സോഫ്റ്റ് വെയറുകളിൽ ആപ്ലിക്കേഷൻ ലഭ്യമാണ്. ആപ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്തശേഷം ഉപഭോക്താക്കൾക്ക് ആപ്പിലൂടെ തന്നെ ഡോക്ടറുമായി കൂടിക്കാഴ്ച നടത്താനുള്ള അപ്പോയിന്മെന്‍റ് എടുക്കാനും സാധിക്കും. അഞ്ച് രൂപയാണ് ഇതിനാവശ്യമായ ചെലവ്.
യു.പിയിലെ ഡിയോറ സ്വദേശിനിയാണ് സ്നേഹ. നാട്ടിൽ അസുഖം ബാധിച്ചാൽ ഡോക്ടറെ കാണാൻ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ആപ്പ് നിർമിക്കാൻ കാരണമായതെന്ന് സ്കൂൾ ഓഫ് ഹെൽത്ത് സയൻസ് വിദ്യാർഥിനിയായ സ്നേഹ പറഞ്ഞു.
ഗ്രാമങ്ങളിൽ നിന്നും ചികിത്സക്കായി ദീർഘദൂരം സഞ്ചരിച്ച് ആശുപത്രികളിലെത്തുമ്പോൾ ഡോക്ടർമാർ ഇല്ലാതിരിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സാധാരണക്കാരായ കുടുംബങ്ങൾക്ക് അധിക ചെലവ് വരുന്നുണ്ടെന്നും സ്നേഹ ചൂണ്ടിക്കാട്ടി.
മറ്റു സർക്കാർ വകുപ്പുകളുമായി കൂടി ബന്ധപ്പെട്ട് സമാന രീതിയിൽ ആപ്ലിക്കേഷനുകൾ നിർമിക്കാനാണ് പദ്ധതിയെന്നും സ്നേഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.