രാജസ്ഥാനിലെ കോട്ടയിൽ സമ്മർദം കുറക്കാൻ വിദ്യാർഥികൾക്ക് ഹെൽപ് ഡെസ്ക്; രണ്ട് മാസത്തിനുള്ളിൽ 373 പരാതികൾ
text_fieldsജയ്പൂർ: രാജസ്ഥാനിലെ എൻട്രൻസ് പരിശീലന കേന്ദ്രമായ കോട്ടയിൽ വിദ്യാർഥികളുടെ മാനസിക സമ്മർദം കുറക്കാൻ ഹെൽപ് തുടങ്ങി രണ്ട് മാസത്തിനുള്ള 373 പരാതികൾ ലഭിച്ചതായി അധികൃതർ. വിഷാദത്തിലേക്ക് വീണവർക്ക് കൗൺസലിങ്ങും വൈദ്യസഹായവും നൽകിയതായും അധികൃതർ വ്യക്തമാക്കി. കോച്ചിങ് സെന്ററിൽ നീറ്റിനും ജെ.ഇ.ഇക്കും തയാറെടുക്കുന്ന വിദ്യാർഥികൾ ആത്മഹത്യ ചെയ്തതോടെയാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഹെൽപ് ഡെസ്ക് തുടങ്ങിയത്.
വിദ്യാർഥികളുടെ സമ്മർദം കുറക്കാൻ ഒരുമാസത്തേക്ക് പരീക്ഷകൾ ഒഴിവാക്കിയിരുന്നു. പ്രശസ്ത മോട്ടിവേഷനൽ സ്പീക്കർമാർ വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു.
സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിലായി ലഭിച്ച 373 പരാതികളിൽ 35 എണ്ണം മാനസിക സമ്മർദം, വിഷാദം എന്നിവയുമായി ബന്ധപ്പെട്ടവയാണ്. പ്രഫഷനൽ കൗൺസിലർമാർ അവ പരിഹരിച്ചക്കുകയും ചെയ്തു. മറ്റ് പരാതികൾ കൂടുതലും ഫീസ് റീഫണ്ട്, ഹോസ്റ്റൽ മെസ്സിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ഇഷ്ടപ്പെടാത്ത ഫോൺ കോളുകൾ എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് വിദ്യാർഥികളുടെ ഹെൽപ്പ് ഡെസ്‌കിന്റെ ചുമതലയുള്ള താക്കൂർ പറഞ്ഞു.
ഈ വർഷം ഇതുവരെ 26 ആത്മഹത്യ കേസുകളാണ് കോച്ചിങ് ഹബ്ബിൽ റിപ്പോർട്ട് ചെയ്തത്. കോച്ചിങ് വിദ്യാർഥികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി ന്യൂ മെഡിക്കൽ കോളജ് ആശുപത്രിയിൽ സെപ്തംബർ 10 ന് സൈക്കോളജിക്കൽ കൗൺസിലിംഗ് സെന്റർ പ്രവർത്തനക്ഷമമാക്കിയിരുന്നു.
ഈ വർഷം ജൂൺ മുതൽ മെഡിക്കൽ ടീമുകൾ 278 ഹോസ്റ്റലുകൾ സന്ദർശിച്ചു. 8,617 വിദ്യാർഥികളെ പരിശോധിച്ചു. അവരിൽ 98 പേർക്ക് ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞു. അവരിൽ 13 പേർ ഇപ്പോഴും പ്രഫഷനൽ കൗൺസിലിങ്ങിനു ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്നും അധികൃതർ പറയുന്നു. പ്രതിവർഷം രണ്ടുലക്ഷത്തിലേറെ വിദ്യാർഥികളാണ് മെഡിക്കൽ/എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കാൻ കോട്ടയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.