ഒറ്റമുറി വീട്ടിൽ ഉൗഴം വെച്ചാണുറക്കം; കോവിഡ് പോസിറ്റീവായ വിദ്യാർഥി 11 ദിവസം ക്വോറൻറീനിലിരുന്നത് മരമുകളിൽ
text_fieldsഹൈദരാബാദ്: കോവിഡ് പോസിറ്റീവായ വിദ്യാർഥിക്ക് ക്വോറൻറീനീലിരിക്കാൻ ഒറ്റമുറി വീട്ടിലിടമില്ല, 18 കാരൻ 11 ദിവസം ക്വോറൻറീനീലിരുന്നത് മരമുകളിൽ.
കോവിഡ് മനുഷ്യജീവിതങ്ങളിൽ ഏല്പിക്കുന്ന ആഘാതങ്ങളുടെ ആഴമാണ് തെലങ്കാനയിലെ നലഗൊണ്ട ജില്ലയിൽ നിന്നുള്ള ഈ വാർത്ത.
നലഗൊണ്ട ജില്ലയയിലെ ഗോത്രവർഗ്ഗ ഗ്രാമമായ കോത്തനന്തി കൊണ്ടയിലാണ് 18 കാരനായ ശിവെൻറ വീട്. ഹൈദരാബാദിൽ ബിരുദ കോഴ്‌സ് പഠിക്കുന്ന വിദ്യാർത്ഥിയാണ്. ഒരു മാസം മുമ്പ് നഗരത്തിൽ കോവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്നാണ് ശിവൻ വീട്ടിലേക്ക് മടങ്ങിയത്. പിന്നാലെ മെയ് 4 ന് ശിവൻ കോവിഡ് പോസിറ്റിവുമായി. മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്താൻ സംവിധാനങ്ങളില്ലെന്ന് പറഞ്ഞ ആരോഗ്യവകുപ്പ് ശിവനോട് വീട്ടിൽ തന്നെ ക്വോറൻറീനീൽ പോകാൻ നിർദേശിച്ചു.
ഒറ്റമുറി ഉള്ള വീട്ടിൽ ക്വോറൻറീനീൽ പോകാൻ എവിടെയാണിടം? നാലു പേരടങ്ങുന്ന ബാക്കി കുടുംബം എങ്ങോട്ട് പോകും. അഞ്ച് പേർക്ക് തന്നെ ഒരുമിച്ചുറങ്ങാനുള്ള സൗകര്യം വീട്ടിലില്ല. പകലുറങ്ങിയാണ് രാത്രയിലെ ഉറക്കത്തിെൻറ കടം വീട്ടുന്നത്. ഈ ആലോചനകളാണ് ശിവനെ വീടിന് സമീപം ഉള്ള മരം "കോവിഡ് വാർഡ്" ആക്കാൻ പ്രേരിപ്പിച്ചത്.
മുളകൾ കൊണ്ടാണ് മരമുകളിൽ ശിവൻ കോവിഡ് വാർഡൊരുക്കിയത്. മഴയും ചൂടും തണുപ്പുമൊക്കെ സഹിച്ച് കഴിഞ്ഞ 11 ദിവസവും ശിവൻ അവിടെയാണ് താമസിച്ചത്.
തനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ രോഗത്തെ ഭയക്കുന്ന ഗ്രാമവാസികൾ ആരും മിണ്ടാൻ പോലും തയാറായില്ല. ആരും വീടുകളിൽ നിന്ന് പുറത്തു പോലും വരുന്നില്ല ശിവൻ പറഞ്ഞു.
മരമുകളിലേക്ക് ഭക്ഷണവും മറ്റും എത്തിക്കാൻ ഒരു കയറും ബക്കറ്റും കെട്ടിയിട്ടുണ്ട്. അത് വഴി അമ്മയും സഹോദരങ്ങളും ഭക്ഷണവും മറ്റും മുകളിലെത്തിക്കും. വീട്ടിൽ ഒരു ശുചിമുറി മാത്രമാണുള്ളത്. അതുപയോഗിച്ചാൽ രോഗം ബന്ധുക്കൾക്ക് പകരാൻ സാധ്യത ഉള്ളതിനാൽ സൂര്യാസ്തമയത്തിനുശേഷം ശിവൻ ഒഴിഞ്ഞ പറമ്പുകളിലേക്കും വയലുകളിലേക്കും പോകും. പകൽ ഏറുമാടത്തിൽ കിടന്ന് ഉറങ്ങുകയോ മൊബൈൽ സമയം ചെലവഴിച്ചും ദിവസം തളളി നീക്കും.
ഈ ഗ്രാമത്തിൽ 350 ഓളം കുടുംബങ്ങൾ ഉണ്ട്. പല കുടുംബങ്ങളുടെയും വീട് എന്നത് അടുക്കളയും ചിലപ്പോൾ ടോയ്‌ലറ്റും ഉൾപ്പെടുന്ന ഒരൊറ്റ മുറിയാണ്. ഒരുമിച്ച് ഉറങ്ങാൻ പോലും സൗകര്യങ്ങളില്ലാത്ത വീടുകൾ ഉണ്ട്.
ഇവിടെ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയാൽ അയാൾക്ക് ക്വോറൻറീനീൽ പോകാൻ സംവിധാനങ്ങൾ ഒന്നും ഇല്ല. കോവിഡ് വന്ന ചിലർ ശുചിമുറിയിലും വയലുകളിലുമാണ് ക്വോറൻറീൻ കാലം കഴിച്ചുകൂട്ടുന്നത്. ചാക്കുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ മറകളിലാണ് മറ്റ് ചിലർ താമസിച്ചത്.
എന്തെങ്കിലും ചികിത്സ തേടണമെങ്കിൽ തന്നെ ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം അഞ്ച് കിലോമീറ്റർ അകലെയാണ്. അവിടെയാണെങ്കിൽ കോവിഡ് പ്രതിരോധത്തിനാവശ്യമായ സൗകര്യങ്ങളൊന്നുമില്ല. 20 പേർക്ക് പോലും ദിവസം പരിശോധന നടത്താനുള്ള സംവിധാനമില്ല. അടിയന്തിര സാഹചര്യങ്ങളിൽ ചികിത്സ തേടേണ്ട ആശുപത്രിയിലെത്തണമെങ്കിൽ 30 കിലോമീറ്റർ സഞ്ചരിക്കണം. ഇതാണ് ഈ ഗ്രാമത്തിെൻറ അവസ്ഥ ശിവൻ മാധ്യമങ്ങളോട് പറഞ്ഞു.
അതെ സമയം തെലങ്കാനയിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ജില്ലകളിൽ ഒന്നാണ് നലഗൊണ്ട ജില്ല. തെലങ്കാനയിൽ ഇതുവരെ 5,25,007 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.