കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; ഈ വർഷം ആറാമത്തേത്
text_fieldsജയ്പൂർ: മെഡിക്കൽ-എൻജിനീയറിങ് എൻട്രൻസ് പരിശീലന കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ഈ വർഷം ആറാമത്തെ വിദ്യാർഥിയാണ് ജീവനൊടുക്കുന്നത്. മെഡിക്കൽ എൻട്രൻസ് പരിശീലന വിദ്യാർഥിയായ ഉത്തർപ്രദേശിലെ കനൗജിൽ നിന്നുള്ള 20കാരനാണ് താമസ സ്ഥലത്തെ സീലിങ് ഫാനിൽ തൂങ്ങിമരിച്ചത്. മാതാപിതാക്കൾ ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനാൽ സുഹൃത്തുക്കളെ വിളിക്കുകയും ഇവർ അപ്പാർട്ട്മെന്റിൽ എത്തിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
നിരവധി എൻട്രൻസ് പരിശീലന കേന്ദ്രങ്ങളുള്ള കോട്ടയിൽ കഴിഞ്ഞ വർഷം 27 വിദ്യാർഥികളാണ് ജീവനൊടുക്കിയത്. 2022ൽ 15 വിദ്യാർഥികൾ ആത്മഹത്യ ചെയ്ത ഇവിടെ കോവിഡ് കാരണം സ്ഥാപനങ്ങൾ ഓൺലൈൻ ക്ലാസിലേക്ക് മാറിയതിനാൽ 2020, 2021 വർഷങ്ങളിൽ ആത്മഹത്യകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. 2015ൽ 18, 2016ൽ 17, 2017ൽ 7, 2018ൽ 20 എന്നിങ്ങനെയാണ് വിദ്യാർഥികൾ ജീവനൊടുക്കിയത്.
കോട്ടയിലെ വിദ്യാർഥി ആത്മഹത്യകൾ തടയുന്നതിന്റെ ഭാഗമായി മാനസികാരോഗ്യം മെച്ചപ്പെടുത്താൻ രാജസ്ഥാൻ സർക്കാർ കഴിഞ്ഞ സെപ്റ്റംബർ മുതൽ നിരവധി നടപടികൾ എടുത്തിരുന്നെങ്കിലും ഫലവത്തായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.