മൈസൂരുവിൽ പുലിയുടെ ആക്രമണത്തിൽ വിദ്യാർഥിനി കൊല്ലപ്പെട്ടു
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും മൈസൂരു ടി. നരസിപൂരിലും പുലിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ജനം ഭീതിയിൽ. കെങ്കേരി, കുമ്പളഗോഡ്, ദേവനഹള്ളി തുടങ്ങിയയിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ദേവനഹള്ളിക്ക് സമീപം ചിക്കജാലയിൽ ഐ.ടി.സി കമ്പനിക്ക് സമീപമാണ് പുലിയെ കണ്ടത്.ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. വനംവകുപ്പിന്റെ അഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തറബനഹള്ളിയിലെ ഫാക്ടറിക്ക് സമീപം പുലിയെ കുടുക്കാൻ വനം വകുപ്പ് കെണിക്കൂട് സ്ഥാപിച്ചിട്ടുണ്ട്.
സൗത്ത് ബംഗളൂരുവിൽ ബനശങ്കരി സിക്സ്ത് സ്റ്റേജിലും തുറഹള്ളി വനമേഖലക്ക് സമീപവും പുലിയുടെ സാന്നിധ്യം കണ്ടെത്തി. തുറഹള്ളി വനമേഖലയിലെ കോടിപാളയയിൽ മാനിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.വനമേഖലയിൽ ഇത്തരം വേട്ട സാധാരണമാണെന്നും കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നിരിക്കാൻ സാധ്യതയെന്നും ബംഗളൂരു അർബൻ ഡിവിഷൻ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ എസ്.എസ്. രവി ശങ്കർ പറഞ്ഞു. ഈ വനമേഖലക്ക് സമീപത്തായി ബംഗളൂരു വികസന അതോറിറ്റിയുടെ പുതിയ ലേഔട്ട് അടക്കം നിരവധി വീടുകളുള്ള പ്രദേശമായതിനാൽ രാത്രിസഞ്ചാരവും പ്രഭാത സവാരിയും ആളുകൾ ഭയപ്പെടുകയാണ്. ബനശങ്കരി സിക്സ്ത് സ്റ്റേജിൽ കഴിഞ്ഞ 10 ദിവസമായി പുലിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഇതിന് സമീപം സോമപുരയിൽ പശുക്കിടാവിനെ പുലി കൊന്നു. രാത്രി തനിച്ച് ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. മേഖലയിലെ ഓംകാർ ഹിൽസിൽ പുലിക്കെണി സ്ഥാപിച്ചു. മൈസൂരുവിലും പുലിയുടെ ആക്രമണം റിപ്പോർട്ട് ചെയ്തു. ടി. നരസിപൂരിൽ പുലിയുടെ ആക്രമണത്തിൽ കെബെഹുണ്ടി സ്വദേശിനി മേഘനയാണ് (21) കൊല്ലപ്പെട്ടത്. ടി. നരസിപുർ ഗവ. ഫസ്റ്റ് ഗ്രേഡ് കോളജിലെ ബിരുദ വിദ്യാർഥിനിയാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് സംഭവം. വീടിന് സമീപത്തെ കൃഷിയിടത്തിലേക്ക് നടന്നുപോകവേ പുലി ആക്രമിക്കുകയായിരുന്നു.
പെൺകുട്ടിയെയും കടിച്ചുപിടിച്ച് പുലി 200 മീറ്ററോളം നീങ്ങി. പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയതോടെ പുലി കുറ്റിക്കാട്ടിലേക്ക് മറഞ്ഞു. ഗുരുതര പരിക്കുകളോടെ മേഘനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ടി. നരസിപുരയിൽ പെൺകുട്ടിയെ കടിച്ചുകൊന്ന പുലിയെ കണ്ടാൽ ഉടൻ വെടിവെക്കാൻ മൈസൂരു സർക്കിൾ ഫോറസ്റ്റ് കൺസർവേറ്റർ മാലതി പ്രിയ ഉത്തരവിട്ടു.
മാണ്ഡ്യ കെ.ആർ.എസ് അണക്കെട്ടിലെ വൃന്ദാവൻ ഗാർഡൻ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ദിവസങ്ങളോളം അടച്ചിട്ടിരുന്നു. കഴിഞ്ഞദിവസം വൃന്ദാവൻ ഗാർഡൻ സന്ദർശകർക്കായി വീണ്ടും തുറന്നുനൽകിയെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.