ഫലസ്തീൻ അനുകൂല പ്രതിഷേധം: യു.എസ് വിസ റദ്ദാക്കിയ വിദ്യാർഥി സ്വമേധയ നാട്ടിലേക്ക് മടങ്ങി
text_fieldsവാഷിങ്ടൺ: ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയതിന് യു.എസ് വിസ റദ്ദാക്കിയ ഇന്ത്യൻ വിദ്യാർഥി നാട്ടിലേക്ക് മടങ്ങി. കൊളംബിയ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ് നട്ടിലേക്ക് മടങ്ങിയത്. യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ അറിയിപ്പ് പ്രകാരം മാർച്ച് അഞ്ചാം തീയതിയാണ് രഞ്ജിനി ശ്രീനിവാസൻ എന്ന വിദ്യാർഥിയുടെ വിസ റദ്ദാക്കിയത്.
ഹമാസിനെ പിന്തുണക്കുന്ന നടപടികളുണ്ടായതിനെ തുടർന്നാണ് രഞ്ജിനി ശ്രീനിവാസനെതിരെ നടപടിയെടുത്തതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ആപിൽ രജിസ്റ്റർ ചെയ്ത് അവർ യു.എസ് വിട്ടുവെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് അറിയിച്ചത്.
നാട് വിട്ടില്ലെങ്കിൽ അനധികൃത കുടിയേറ്റക്കാരിയായി നാടുകടത്തുമെന്നതിനാലാണ് രഞ്ജിനി ശ്രീനിവാസൻ നാട് വിട്ടതെന്നാണ് സൂചന. രഞ്ജിനി യു.എസ് വിടുന്നതിന്റെ ദൃശ്യങ്ങൾ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം പറഞ്ഞു.
വിസ നൽകാൻ യു.എസിന് അവകാശമുണ്ട്. എന്നാൽ, ഹമാസ് പോലുള്ള സംഘടനകളെ പിന്തുണച്ചാൽ അത് റദ്ദാക്കാനും യു.എസിന് അവകാശമുണ്ട്. രഞ്ജിനി സി.ബി.പി ആപ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് യു.എസ് വിട്ടുവെന്നും ഏജൻസി അറിയിച്ചു. കൊളംബിയ യൂനിവേഴ്സിറ്റിയിൽ അർബൻ പ്ലാനിങ്ങിലാണ് രഞ്ജിനി പഠിക്കുന്നത്.
നേരത്തെ ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്ത് കൊളംബിയ യൂനിവേഴ്സിറ്റി. കഴിഞ്ഞ വർഷം കാമ്പസിൽ നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായാണ് നടപടിയുണ്ടായത്. ഹാമിൽട്ടൺ ഹാളിൽ കഴിഞ്ഞ വർഷം പ്രതിഷേധം നടത്തിയ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയും പുറത്താക്കുകയുമാണ് യൂനിവേഴ്സിറ്റി ചെയ്തിരിക്കുന്നത്.
കാമ്പസിലെ ജൂതവിരുദ്ധതക്കെതിരെ നടപടിയെടുക്കുന്നതിൽ യൂനിവേഴ്സിറ്റി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സ്ഥാപനത്തിന് നൽകിയിരുന്ന ഫണ്ട് ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു. കൊളംബിയ യൂനിവേഴ്സിറ്റിയിലെ മഹമൂദ് ഖാലിലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കൂടുതൽ നടപടികളുമായി യൂനിവേഴ്സിറ്റി രംഗത്തെത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.