ഹിജാബ് ധരിക്കുന്ന വിദ്യാർഥികളെ വിദ്യാലയത്തിൽ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsബംഗളൂരു: ക്ലാസുകളിൽ ഹിജാബ് ധരിക്കാൻ ആവശ്യപ്പെടുന്ന മുസ്ലീം വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ബി.ജെ.പി എം.എൽ.എ ബസൻഗൗഡ യത്നാൽ. ഹിജാബ് ധരിച്ച് ക്ലാസിൽ പങ്കെടുത്ത ചില വിദ്യാർഥികൾക്കെതിരെ മംഗളൂരു സർവകലാശാലയിലെ പ്രതിഷേധം ഉയർന്നതിന് തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന .
മുസ്ലിംകൾക്ക് കോടതിയോടും ഭരണഘടനയോടും ബഹുമാനമില്ലെന്ന് ബി.ജെ.പി എം.എൽ.എ ബസൻഗൗഡ യത്നാൽ പറഞ്ഞു. സർക്കാർ അവർക്കെതിരെ കർശന നടപടിയെടുക്കുന്നില്ലെന്നും അവരെ വിദ്യാലയത്തിൽ നിന്ന് പുറത്താക്കണമെന്നും അവർക്ക് ഭാവി വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച കർണാടകയിൽ ക്ലാസുകളിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ഉയർന്നിരുന്നു. മുസ്ലിം വിദ്യാർഥികൾ ഹിജാബ് ധരിച്ച് ക്ലാസിലെത്തിയതിനെ തുടർന്ന് മംഗളൂരു സർവകലാശാലയിലെ വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രതിഷേധമുയർത്തുകയായിരുന്നു.
ഹൈകോടതിയുടെ നിർദേശങ്ങൾ വിദ്യാർഥികൾ പാലിക്കണമെന്നും ക്ലാസിൽ ഹാജരാകുന്നതിന് മുമ്പ് ഹിജാബ് അഴിച്ചുമാറ്റണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കോളജ് ഡെവലപ്‌മെന്റ് കമ്മിറ്റി (സി.ഡി.സി) ഉടൻ യോഗം ചേർന്ന് ക്യാമ്പസിനുള്ളിൽ ഹിജാബുകൾ അനുവദിക്കില്ലെന്ന് വിദ്യാർഥികളോട് ഒരിക്കൽ കൂടി പറയണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയിലെ മുസ്ലിം വിദ്യാർഥികൾ ഡെപ്യൂട്ടി കമ്മീഷണർക്ക് മെമ്മോറാണ്ടം സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.