കൂടുതൽ അധ്യാപകരുടെ പീഡനകഥകൾ പുറത്തേക്ക്; ചെന്നൈയിൽ നിന്നും വരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ
text_fieldsചെന്നൈ: ഒന്നിലധികം ലൈംഗിക പീഡന ആരോപണങ്ങളുമായി വിദ്യാർഥികൾ എത്തിയതിനെ തുടർന്ന് ചെന്നൈയിലെ ഒരു സ്കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിന് പിന്നാലെ നഗരത്തിലെ മറ്റൊരു സ്‌കൂളിൽ നിന്നും വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ്. സ്കൂളിലെ കൊമേഴ്സ് അധ്യാപകൻ വർഷങ്ങളായി തങ്ങളെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. പരാതിക്കാരിൽ നിലവിലുള്ളതും മുൻ വിദ്യാർത്ഥികളും ഉൾപ്പെടുന്നുണ്ട്. വിവിധ ബാച്ചുകളിലെ വിദ്യാർത്ഥികളിൽ നിന്ന് അധ്യാപകനെതിരെ അഞ്ഞൂറിലധികം പരാതികൾ ലഭിച്ചതായി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയും ചൂണ്ടിക്കാട്ടുന്നു.
സോഷ്യൽ മീഡിയയിലൂടെയും അലുമ്‌നി അസോസിയേഷൻ അയച്ച ഇമെയിലിലൂടെയും ഉയർന്നുവന്ന ആരോപണങ്ങൾക്ക് പിന്നാലെ സ്‌കൂൾ മാനേജ്‌മെൻറ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കൂടാതെ സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തി റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞാൽ, ഉചിതമായ നടപടി സ്വീകരിക്കുമെന്നും സ്കൂൾ മാനേജ്‌മെൻറ് പ്രസ്താവനയിലൂടെ അറിയിച്ചു. അതിനിടെ സ്കൂളിലെ വിദ്യാർഥികളുമായോ പൂർവ്വ വിദ്യാർഥികളുമായോ ബന്ധപ്പെടാനോ സംവദിക്കാനോ പാടില്ലെന്ന് അധ്യാപകനെ അറിയിച്ചതായും പ്രസ്താവനയിൽ പറയുന്നുണ്ട്.
പെൺകുട്ടികളോട് മോശമായി പെരുമാറിയതിന് ആരോപണവിധേയനായ അധ്യാപകനെ ചെന്നൈയിലെ മറ്റൊരു സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നതായി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ മാനേജ്‌മെൻറിന് അയച്ച മെയിലിൽ വ്യക്തമാക്കുന്നു. "മടിയിൽ ഇരിക്കാനും ഒപ്പം 'സൗഹൃദപരമായി' ചുംബിക്കാനും അധ്യാപകൻ വിദ്യാർത്ഥികളെ നിർബന്ധിച്ചതായും മെയിലിൽ പറയുന്നു. മുമ്പത്തെ സ്‌കൂൾ, പൊലീസിന് പരാതി നൽകിയിരുന്നെങ്കിലോ, നിയമനം നടത്തുന്നതിന് മുമ്പ് ഇപ്പോഴത്തെ സ്‌കൂൾ മാനേജ്‌മെൻറ് അയാളുടെ ഭൂതകാലം പരിശോധിച്ചിരുന്നെങ്കിലോ വിദ്യാർഥികൾക്ക് ഇത്തരമൊരു അവസ്ഥ വരില്ലായിരുന്നുവെന്നും മെയിലിൽ പൂർവ്വ വിദ്യാർഥികൾ പറയുന്നു.
പതിവായി വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും വൈകാരികമായും ഉപദ്രവിച്ചിരുന്നു. അച്ഛനെന്ന രൂപേണ പെൺകുട്ടികളെ അനുചിതമായ സ്പർശിക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികൾ ഇത്തരം സംഭവങ്ങൾക്കെതിരെ പ്രതിഷേധിച്ചപ്പോൾ, പരീക്ഷയിൽ പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപകൻ അവരെ നിശബ്ദമാക്കിയെന്നും പൂർവ്വ വിദ്യാർഥികൾ ആരോപിക്കുന്നു. പെൺകുട്ടികളെ ഉപദ്രവിക്കുന്നതിനു പുറമേ അയാൾ ആൺകുട്ടികളെ ക്രൂരമായി മർദ്ദിച്ചിരുന്നതായും ഇ-മെയിലിൽ പറയുന്നുണ്ട്. മുഴുവൻ വിദ്യാർഥികളും നോക്കി നിൽക്കെ അവരെ മോശം വാക്കുകൾ ഉപയോഗിച്ച് വഴക്കുപറഞ്ഞിരുന്നതായും പരാതി പറഞ്ഞാൽ, അതിനും ശിക്ഷ നൽകിയിരുന്നതായും വിദ്യർഥികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
വിദ്യാർഥികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്തതാണ് മറ്റൊരു ആരോപണം. ക്ലാസ് ടീച്ചർ കൂടിയായ ആരോപണ വിധേയൻ വിദ്യാർഥികളുടെ ഫോൺ നമ്പറുകളും അവരുടെ രക്ഷിതാക്കളുടെ നമ്പറുകളും വിലാസവുമെല്ലാം ദുരുപയോഗം ചെയ്തിരുന്നത്രേ. പെൺകുട്ടികൾക്ക് മോശം സന്ദേശമയച്ച് മറുപടി നൽകാതിരുന്നാൽ പ്രതികാരം ചെയ്യുമെന്ന ഭീഷണിയാണെന്നും മെയിലിൽ ആരോപിക്കുന്നു.
പൂർവ്വ വിദ്യാർത്ഥി സംഘടന ഒരു വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന അനുഭവവും അവരുടെ മെയിലിൽ വിവരിച്ചിട്ടുണ്ട്. അധ്യാപകൻ ഒരു വിദ്യാർഥിനിയോട് എസ്.എം.എസ് അയച്ചുകൊണ്ട് ക്ലാസിൽ അരമണിക്കൂർ നേരത്തെ എത്തണമെന്ന് ആവശ്യപ്പെട്ടു. ക്ലാസിലെത്തിയതോടെ ചുംബിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുകൊണ്ട് അവളോട് അയാൾ മോശമായി പെരുമാറാൻ തുടങ്ങിയതോടെ കുതറിയോടി അധികൃതരോട് പരാതിപ്പെട്ടു. എന്നാൽ, അവളുടെ നിലവിളി തെറ്റായ ആരോപണമായി തള്ളിക്കളയുകയാണ് മാനേജ്‌മെൻറ് ചെയ്തത്. ഒടുവിൽ 11ആം ക്ലാസുകാരിയായ വിദ്യാർഥിനിക്കെതിരെ നടപടിയെടുത്തു. അവളെ ക്ലാസിൽ നിന്ന് പുറത്താക്കിയും മുഖത്തടിച്ചും ശാരീരികമായി ഉപദ്രവിച്ചുമാണ് അയാൾ അതിന് പ്രതികാരം ചെയ്തത്.
കുറഞ്ഞ മാർക്കുള്ള വിദ്യാർത്ഥികളെ സ്കൂൾ കാമ്പസിൽ രാത്രി 8 മണി വരെ കോച്ചിംഗ് ക്ലാസുകളിൽ ഇരിക്കാൻ അധ്യാപകൻ നിർബന്ധിച്ചിരുന്നു. അത് അയാൾ വിദ്യാർഥികളോട് മോശമായി പെരുമാറാനുള്ള അവസരമായി ഉപയോഗിച്ചു. അധ്യാപകെൻറ വീട്ടിലേക്കും ട്യൂഷൻ എന്ന വ്യാജേന വിദ്യാർഥികളെ വിളിച്ചുവരുത്തി ചൂഷണം ചെയ്തു. -പൂർവവിദ്യാർഥി സംഘടന ആരോപിക്കുന്നു. "ഒരു സ്കൂൾ അധ്യാപകൻ ഇത്രത്തോളം നീച കൃത്യങ്ങളിലേക്ക് പോയതിനുള്ള ഒരേയൊരു കാരണം സ്കൂൾ അതോറിറ്റിയുടെ നിരീക്ഷണത്തിലും മേൽനോട്ടത്തിലുമുള്ള വീഴ്ച്ചയാണെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.