ബുൾഡോസർ രാജ്, ബാബരി വിധി, ഹിജാബ് വിവാദം, 370ാം അനുച്ഛേദം; ജസ്റ്റിസ് ചന്ദ്രചൂഡിനെ കടുത്ത ചോദ്യങ്ങളാൽ നേരിട്ട് വിദ്യാർഥികൾ
text_fieldsന്യൂഡൽഹി: മനുഷ്യാവകാശ സെമിനാറിൽ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ വിദ്യാർഥികൾ ചോദ്യശരങ്ങൾ കൊണ്ട് എതിരേറ്റു. 'മനുഷ്യാവകാശം സംരക്ഷിക്കുന്നതിലും പൗരസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിലും ജനാധിപത്യത്തിൽ കോടതികൾക്കുള്ള പങ്ക്' എന്ന വിഷയത്തിൽ ലണ്ടൻ കിങ്സ് കോളജ് സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാറിലാണ് വിദ്യാർഥികൾ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ കടുത്ത ചോദ്യങ്ങളാൽ നേരിട്ടത്.
സുപ്രീംകോടതി ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്‍റെ കേസുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങൾ. മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും കേസുകൾ ഇന്ത്യൻ കോടതികൾ വിവേചനപരമായി കൈകാര്യം ചെയ്യുന്നുവെന്ന കാഴ്ചപ്പാട് നീതിയുക്തമല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ഇന്ത്യയുടെ ഭാവി ചീഫ് ജസ്റ്റിസ് കൂടിയായ ജസ്റ്റിസ് ചന്ദ്രചൂഡ് കൂടി ഉൾപ്പെട്ട അഞ്ചംഗ ബെഞ്ച് ബാബരി ഭൂമി രാമക്ഷേത്രത്തിന് വിട്ടു കൊടുത്ത വിധി, മുസ്ലിം ഭവനങ്ങളും കച്ചവട സ്ഥാപനങ്ങളും തകർക്കുന്ന ബുൾഡോസർ രാജ്, ഹിജാബ് വിവാദം, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ാം വകുപ്പ് നീക്കം ചെയ്യൽ തുടങ്ങിയ വിഷയങ്ങളെല്ലാം വിദ്യാർഥികൾ ഉന്നയിച്ചു. വിഷയം കോടതിയിലായതിനാലും ഒരു ജഡ്ജിയായതിനാലും കൂടുതൽ പ്രതികരിക്കാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് കൂടുതലായും നൽകിയ ഉത്തരം.
ബാബരി ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുത്ത വിധിയെ കുറിച്ച് ചോദിച്ചപ്പോൾ താൻ ആ ബെഞ്ചിലുണ്ടായിരുന്നതിനാൽ പ്രതികരിക്കാനാവില്ലെന്നും ആ വിധിയെ വിമർശിക്കുന്നത് ശരിയല്ലെന്നാണ് താൻ കരുതുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് മറുപടി നൽകി. ബുൾഡോസർ വിഷയം സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചിട്ടുണ്ടെന്നും നോട്ടീസ് അയച്ചിട്ടുണ്ടെന്നുമായിരുന്നു പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.