വിദ്യാർഥിസമരം: ചെന്നൈ കലാക്ഷേത്ര അടച്ചു
text_fieldsചെന്നൈ: ലൈംഗികാതിക്രമക്കേസിൽ പ്രതികളായ നാല് അധ്യാപകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കലാക്ഷേത്ര ഫൗണ്ടേഷൻ കാമ്പസിൽ വിദ്യാർഥികൾ നടത്തുന്ന ധർണയെ തുടർന്ന് ഏപ്രിൽ ആറുവരെ അടച്ചു. കേന്ദ്ര സാംസ്കാരിക വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ചെന്നൈ കലാക്ഷേത്ര രുക്മിണി ദേവി കോളജ് ഓഫ് ഫൈൻ ആർട്സ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നിവരോട് തിങ്കളാഴ്ച ഉച്ച 12ന് നേരിൽ ഹാജരാവാൻ തമിഴ്നാട് വനിത കമീഷൻ ചെയർമാൻ കുമരി ഉത്തരവിട്ടു.
വെള്ളിയാഴ്ച ഇവർ കലാക്ഷേത്ര കാമ്പസ് സന്ദർശിച്ച് പ്രതിഷേധത്തിലേർപ്പെട്ട വിദ്യാർഥികളിൽനിന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രിൻസിപ്പൽ ഉണ്ടായിരുന്നുവെങ്കിലും കമീഷന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിരുന്നില്ല.ഹൈദരാബാദിലുള്ള രണ്ട് പൂർവവിദ്യാർഥിനികൾ സംസ്ഥാന വനിത കമീഷന് വിഡിയോ കോൺഫറൻസിങ് മുഖേന പരാതിപ്പെട്ടു.
ദേശീയ വനിത കമീഷൻ ചെയർമാൻ രേഖ ശർമയും സ്ഥാപനത്തിൽ സന്ദർശനം നടത്തിയിരുന്നു. പീഡനവുമായി ബന്ധപ്പെട്ട് ചെന്നൈ സിറ്റി പൊലീസും കേസ് രജിസ്റ്റർ ചെയ്തു. സായ് കൃഷ്ണൻ, സഞ്ജിത്ലാൽ, ഹരിപത്മൻ, ശ്രീനാഥ് എന്നീ അധ്യാപകർ കലാപരിശീലനസമയത്തും മറ്റും വിദ്യാർഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായാണ് ആരോപണം.
വാട്സ്ആപ് ചാറ്റുകളിലും മറ്റും ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും അധ്യാപകർ വിദ്യാർഥിനികൾക്ക് അയക്കാറുണ്ടെന്ന് പരാതിയുണ്ട്.അധ്യാപകർക്കെതിരെ നടപടിയെടുക്കുന്നതുവരെ പ്രതിഷേധസമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു. കുറ്റക്കാർക്കെതിരെ അന്വേഷണ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിലും അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.