വിദ്യാർഥിയുടെ ആത്മഹത്യ: വീണ്ടും പോസ്റ്റ് മോർട്ടം നടത്തണം, അക്രമം പ്രത്യേക സംഘം അന്വേഷിക്കണം -മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ചിന്നസേലത്ത് അധ്യാപകർ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി. അക്രമസംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാണ് ഹൈകോടതി ജസ്റ്റിസ് എൻ. സതീഷ് കുമാർ സർക്കാറിനോട് ആവശ്യപ്പെട്ടത്. കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നും കോടതി നിർദേശിച്ചു.
പോസ്റ്റ്‌മോർട്ടം ഞായറാഴ്ച നടത്തിയെങ്കിലും മൃതദേഹം സ്വീകരിക്കാൻ കുടുംബം തയാറായിരുന്നില്ല. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ സ്വീകരിക്കില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്.
അതിനിടെ, പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. ആത്മഹത്യ കുറിപ്പിൽ പേരുണ്ടായിരുന്ന രണ്ട് അധ്യാപകരും പ്രിൻസിപ്പലുമാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് സി.ഐ.ഡി സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
തിങ്കളാഴ്ച അന്വേഷണസംഘം കുട്ടിയുടെ രക്ഷിതാക്കളുടെയും സഹപാഠികളുടെയും മൊഴിയെടുക്കും.
ജൂലൈ 13ന് പുലർച്ചയാണ് ചിന്നസേലം കനിയാമൂരിലെ സ്വകാര്യ ഇന്റർനാഷനൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് ചാടി കടലൂർ വേപ്പൂർ പെരിയനെസലൂർ സ്വദേശിനിയായ 17കാരി ജീവനൊടുക്കിയത്. സ്‌കൂളിലെ അധ്യാപകർക്കെതിരെ കുറിപ്പെഴുതി വെച്ചായിരുന്നു ആത്മഹത്യ.
ആരോപണ വിധേയരായ അധ്യാപകർക്കും സ്‌കൂൾ മാനേജ്‌മെന്റിനുമെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്യണമെന്നും കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. അമ്പതോളം വാഹനങ്ങളാണ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിനാളുകൾ അറസ്റ്റിലായിട്ടുണ്ട്. പ്രദേശത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞയും തുടരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.