കോവിഡ് മുക്തരായവർ വാക്സിനെടുക്കാൻ മടിക്കല്ലേ; ഡെൽറ്റ വകഭേദത്തിനെതിരെ ഉയർന്ന പ്രതിരോധമെന്ന് പഠനം
text_fieldsന്യൂഡൽഹി: കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍, കോവിഡ് വരാതെ വാക്‌സിന്‍ സ്വീകരിച്ചവരേക്കാള്‍ പ്രതിരോധ ശേഷി കൈവരുമെന്ന് പഠനം.
കോവിഡ് ഭേദമായി ഒന്നോ രണ്ടോ ഡോസ് വാക്സിൻ സ്വീകരിച്ച ആളുകൾക്ക് ഒന്നോ രണ്ടോ ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരേക്കാൾ ഡെൽറ്റ വകഭേദത്തിനെതിരെ ഉയർന്ന പ്രതിരോധം കൈവരിക്കാൻ സാധിക്കുന്നതായി പഠനം കണ്ടെത്തി.
കോവിഷീൽഡ് വാക്സിനും വാക്സിൻ എടുത്ത രോഗമുക്തരും എങ്ങനെ കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിനെ നിർവീര്യമാക്കുന്നു എന്നതിനെ കുറിച്ച് ഐ.സി.എം.ആർ ആണ് പഠനം നടത്തിയത്. കോവിഡിനെതിരായ പ്രതിരോധത്തിന് ആൻറിബോഡി പ്രതിരോധ പ്രതികരണവും സെല്ലുലാർ പ്രതിരോധ പ്രതികരണവും മികച്ച ഫലം നൽകുന്നുണ്ട്.
'രോഗമുക്തിക്ക് ശേഷമുള്ള പ്രതിരോധ പ്രതികരണശേഷി, വാക്സിനേഷൻ അല്ലെങ്കിൽ ബ്രേക്ക്‌ത്രൂ അണുബാധ എന്നിവയെ കുറിച്ച് പരിമിതമായ വിവരങ്ങൾ മാത്രമാണ് ലഭ്യമായത്. ഈ പഠനത്തിൽ, കോവിഷീൽഡ് വാക്സിനേഷൻ ലഭിച്ച വ്യക്തികളെ അഞ്ചാക്കി തരംതിരിച്ചാണ് രോഗപ്രതിരോധ പ്രതികരണം വിലയിരുത്തിയത്. I. ഒരു ഡോസ് വാക്സിൻ എടുത്തവർ II.രണ്ട് ഡോസുകൾ വാക്സിൻ എടുത്തവർ, III. കോവിഡ് മുക്തി നേടിയ ശേഷം ഒരു ഡോസ് വാക്സിൻ എടുത്തവർ, IV.കോവിഡ് മുക്തി നേടിയ ശേഷം രണ്ട് ഡോസ് വാക്സിൻ എടുത്തവർ V.ബ്രേക്ക്‌ത്രൂ കോവിഡ് കേസുകൾ' -പഠനത്തിൽ പറയുന്നു.
ബ്രേക്ക്‌ത്രൂ കേസുകൾക്കും കോവിഡ് മുക്തി നേടിയ ശേഷം ഒന്നോ രണ്ടോ ഡോസ് വാക്സിൻ എടുത്തവർക്കും ഒന്നോ രണ്ടോ ഡോസ് കോവിഷീൽഡ് വാക്സിൻ എടുത്തവരേക്കാൾ ഡെൽറ്റ വകഭേദത്തിനെതിരെ പ്രതിരോധശേഷി കൈവന്നതായാണ് പഠനത്തിൽ കണ്ടെത്തിയത്. ഡെൽറ്റ വകഭേദത്തിെൻറ അതിവ്യാപന ശേഷിയാണ് ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായി ബാധിക്കാൻ ഇടയാക്കിയതെന്നും പഠനം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.