കോവിഡ് മുക്തരായവർക്ക് ഒരു ഡോസ് വാക്സിൻ മതിയാകുെമന്ന് പഠനം
text_fieldsന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ രാജ്യത്തെ എല്ലാവരെയും വാക്സിനേഷന് വിധേയമാക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ഇതിനിടെ കോവിഡ് മുക്തരായവർക്ക് ഒരു ഡോസ് വാക്സിൻ മതിയാകുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഇത്തരക്കാരിലെ ആന്‍റിബോഡിയുടെ പ്രതികരണം ഉയർത്തിക്കാട്ടി ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രി നടത്തിയ പഠനമാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്‍റർനാഷനൽ ജേണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ജനുവരി 16നും ഫെബ്രുവരി അഞ്ചിനും ഇടയിൽ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച 260 ആരോഗ്യപ്രവർത്തകരിലാണ് ആശുപത്രി പഠനം നടത്തിയത്. ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച കോവിഡ് മുക്തരായവർ കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച് കൂടുതൽ ആന്‍റിബോഡി പ്രതികരണം കാണിക്കുന്നുവെന്ന് പഠനം കണ്ടെത്തി.
'കോവിഡ് -19 ബാധിച്ച ആളുകൾക്ക് രണ്ട് ഡോസ് വാക്സിൻ എടുക്കേണ്ടതില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒരു ഡോസ് ഉപയോഗിച്ച് തന്നെ രണ്ട് ഡോസുകൾക്ക് തുല്യമായി ശക്തമായ ആന്‍റിബോഡിയും മെമ്മറി സെൽ പ്രതികരണവും വികസിപ്പിക്കാൻ കഴിയും'- എ.ഐ.ജി ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. ഡി. നാഗേശ്വർ റെഡ്ഡി പറഞ്ഞു.
സമൂഹ പ്രതിരോധ ശേഷി കൈവരിക്കാൻ ആവശ്യമായ ആളുകളെ വാക്സിനേഷന് വിധേയമാക്കിയ ശേഷം രോഗ മുക്തരായവർക്ക് രണ്ടാം ഡോസ് വാക്സിൻ എടുക്കാമെന്നും ഡോ. റെഡ്ഡി കൂട്ടിച്ചേർത്തു. കോവിഡ് വാക്സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഈ മാർഗം ഏറെ ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.