നന്നാക്കാനെന്ന പേരിൽ കുട്ടികളെ ശിക്ഷിക്കുന്നത് ക്രൂരം; ശാരീരിക ശിക്ഷ വിദ്യാഭ്യാസത്തിന്റെ ഭാഗമാകില്ലെന്ന് കോടതി
text_fieldsന്യൂഡൽഹി: അച്ചടക്കത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ പേരിൽ കുട്ടിയെ സ്‌കൂളിൽ ശാരീരിക പീഡനത്തിന് വിധേയമാക്കുന്നത് ക്രൂരമാണെന്ന് ഛത്തീസ്ഗഢ് ഹൈകോടതി. കുട്ടിയെ നന്നാക്കാനെന്ന പേരിലുള്ള ശാരീരിക ശിക്ഷ വിദ്യാഭ്യാസത്തിന്റെ ഭാഗമാകില്ലെന്ന് ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയും ജസ്റ്റിസ് രവീന്ദ്ര കുമാർ അഗർവാളും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ജൂലൈ 29ന് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവന്റെ/ അവളുടെ അവകാശവുമായി പൊരുത്തപ്പെടുന്നതല്ല ശാരീരിക ശിക്ഷ ചുമത്തുന്നത്. ചെറുതായിരിക്കുക എന്നത് ഒരു കുട്ടിയെ മുതിർന്നവരേക്കാൾ കുറഞ്ഞ മനുഷ്യനാക്കുന്നില്ലെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി.
ആത്മഹത്യാ പ്രേരണ കേസിലെ എഫ്.ഐ.ആറും കുറ്റപത്രവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർഗുജ ജില്ലയിലെ അംബികാപൂരിലെ കാർമൽ കോൺവെന്‍റ് സ്‌കൂളിലെ അധ്യാപികയായ സിസ്റ്റർ മേഴ്സി എന്ന എലിസബത്ത് ജോസ് നൽകിയ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ ഫെബ്രുവരിയിൽ വിദ്യാർത്ഥിനി എഴുതിയ ആത്മഹത്യാക്കുറിപ്പിനെ തുടർന്ന് 43കാരിയായ എലിസബത്ത് ജോസിനെതിരെ മണിപ്പൂർ പൊലീസ് സ്‌റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു.
‘അച്ചടക്കത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ പേരിൽ കുട്ടിയെ സ്‌കൂളിൽ ശാരീരിക പീഡനത്തിന് വിധേയമാക്കുന്നത് ക്രൂരമാണ്. ഒരു കുട്ടി എന്നത് അമൂല്യമായ ദേശീയ വിഭവമാണ്. ആർദ്രതയോടെയും കരുതലോടെയും അവരോട് പെരുമാറുക. പരിഷ്കരിക്കുന്നതിന് കുട്ടിയെ ശാരീരിക ശിക്ഷക്ക് വിധേയമാക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാൻ കഴിയില്ല’ -കോടതി പറഞ്ഞു. ജീവിതത്തിനുള്ള അവകാശമെന്ന് ഒരു വലിയ ക്യാൻവാസിൽ ജീവിതത്തിന് അർത്ഥം നൽകുന്നതും അതിന് യോഗ്യവുമാക്കുന്നതുമായ എന്തും ഉൾപ്പെന്നതാണ്. ആർട്ടിക്കിൾ 21ൽ പ്രതിപാദിച്ചിരിക്കുന്ന ആ അവകാശം ജീവിതത്തിന്റെ ഏത് വശവും ഉൾക്കൊള്ളുന്നുവെന്നും ഹൈകോടതി പറഞ്ഞു.
സംഭവദിവസം ജോസ് വിദ്യാർത്ഥിനിയെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും സ്‌കൂളിൽ പിന്തുടരുന്ന പതിവ് അച്ചടക്ക നടപടിയനുസരിച്ചാണ് ഐ.ഡി കാർഡ് പിടിച്ചുവാങ്ങിയതെന്നും ഹരജിക്കാരിയുടെ അഭിഭാഷകൻ പറഞ്ഞു. വിദ്യാർഥിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കാൻ ഹരജിക്കാരിക്ക് ഒരിക്കലും ഉദ്ദേശ്യമില്ലായിരുന്നുവെന്നും പ്രാഥമിക അന്വേഷണമൊന്നും നടത്താതെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രം ഹരജിക്കാരിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും എലിസബത്ത് ജോസിന്റെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ, മരണപ്പെട്ട കുട്ടിയുടെ സഹപാഠികൾ നൽകിയ തെളിവുകൾ പ്രകാരം ഹരജിക്കാരിയുടെ പെരുമാറ്റം വിദ്യാർഥികൾക്ക് മാനസിക ആഘാതമുണ്ടാക്കുന്ന തരത്തിൽ പരുഷമായിരുന്നുവെന്നാണ്. പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷൻ കേസ് അതേപടി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഹരജിക്കാരിക്കെതിരായ കുറ്റപത്രവും എഫ്.ഐ.ആറും റദ്ദാക്കാൻ കോടതിക്ക് യാതൊരു കാരണവും ഇല്ലെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.