ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ പ്രധാനമന്ത്രി ഷാരൂഖ് ഖാന്‍റെ സഹായം തേടിയെന്ന് സുബ്രഹ്മണ്യൻ സ്വാമി
text_fieldsന്യൂഡല്‍ഹി: ഖത്തറിൽ തടവിലായിരുന്ന മുൻ ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ സഹായം അഭ്യർഥിച്ചതായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഖത്തർ, യു.എ.ഇ രാജ്യങ്ങൾ സന്ദർശിക്കുന്ന വിവരം അറിയിക്കുന്ന പ്രധാനമന്ത്രിയുടെ എക്‌സ് കുറിപ്പിന് താഴെയാണ് സുബ്രഹ്മണ്യം സ്വാമിയുടെ പരാമര്‍ശം.
മുന്‍ നാവികരെ വിട്ടയക്കുന്നതിൽ ഖത്തര്‍ ശൈഖുമാരെ സ്വാധീനിക്കുന്നതില്‍ വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷാ ഏജന്‍സിയും പരാജയപ്പെട്ടെന്നും അദ്ദേഹം കുറിപ്പിൽ പരോക്ഷമായി കുറ്റപ്പെടുത്തി. കഴിഞ്ഞദിവസമാണ് ഖത്തർ ജയിലിൽ തടവിലായിരുന്ന മലയാളി ഉൾപ്പെടെയുള്ള എട്ടു മുൻ നാവികരെ വിട്ടയച്ചത്. ഇതിൽ ഏഴുപേർ രാജ്യത്ത് മടങ്ങിയെത്തിയിരുന്നു.
‘സിനിമ സ്റ്റാർ ഷാരൂഖ് ഖാനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലേക്ക് കൂടെ കൊണ്ടുപോകണം. ഖത്തര്‍ ശൈഖുമാരെ അനുനയിപ്പിക്കുന്നതിൽ വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷാ ഏജന്‍സിയും പരാജയപ്പെട്ടപ്പോള്‍, മോദി ഖാനോട് സഹായം അഭ്യർഥിച്ചിരുന്നു. അങ്ങനെയാണ് നമ്മുടെ നാവികരെ മോചിപ്പിക്കാനുള്ള വിലയേറിയ ഒത്തുതീര്‍പ്പിന് ഖത്തർ ശൈഖുമാർ തയാറായത്’ -സുബ്രഹ്മണ്യം സ്വാമി എക്സിൽ കുറിച്ചു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അൽത്താനിയാണ് തടവിലുള്ള ഇന്ത്യൻ നാവികരെ വിട്ടയക്കാന്‍ തീരുമാനിച്ചത്. ക്യാപ്റ്റന്‍ നവ്തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, ക്യാപ്റ്റന്‍ ബിരേന്ദ്ര കുമാര്‍ വര്‍മ, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവർ തിങ്കളാഴ്ച പുലർച്ചെയാണ് ഡൽഹിയിൽ തിരിച്ചെത്തിയത്. ദോഹയില്‍ തുടരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരിയും വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് വിവരം.
നാവികരെ മോചിപ്പിക്കാനുള്ള ഇടപെടലിൽ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ മേല്‍നോട്ടമുണ്ടായിരുന്നു എന്നാണ് വിദേശകാര്യ സെക്രട്ടറി വിനയ് ഖ്വാത്ര പ്രതികരിച്ചത്. അതേസമയം, നാവികരെ മോചിപ്പിക്കാൻ ഇടപെട്ടെന്ന സുബ്രഹ്മണ്യം സ്വാമിയുടെ വാദം ഷാരൂഖ് ഖാൻ തള്ളി. ഖത്തറിലെ ജയിലിൽ തടവിലുണ്ടായിരുന്ന നാവികരെ മോചിപ്പിക്കാൻ ഷാരൂഖ് ഇടപെട്ടെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണ്. ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരും ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെന്നും താരത്തിന്‍റെ മാനേജർ പൂജ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.