കാനഡയുടെ പരാമർശം: അമിത് ഷായെ മാറ്റിനിർത്തണം; പ്രധാനമന്ത്രി വാർത്താസമ്മേളനം നടത്തണമെന്ന് സുബ്രമണ്യം സ്വാമി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വാർത്തസമ്മേളനം നടത്തണമെന്ന ആവശ്യവുമായി മുതിർന്ന ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി. അമിത് ഷാക്കെതിരായ കാനഡയുടെ പരാമർശങ്ങളിലാണ് അദ്ദേഹത്തിന്റെ ആവശ്യം. സിഖുകാർക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തൽ കാനഡ മന്ത്രി നടത്തിയിരുന്നു.
ഇതിന് പിന്നാലെയായിരുന്നു എക്സിലൂടെ സുബ്രമണ്യം സ്വാമിയുടെ പ്രതികരണം. മോദിയും അമിത് ഷായും ഒരുമിച്ച് വാർത്താസമ്മേളനം നടത്തി ആരോപണങ്ങൾക്ക് മറുപടി നൽകണമെന്ന് സുബ്രമണ്യം സ്വാമി ആവശ്യപ്പെട്ടു. ഒന്നുകിൽ അമിത് ഷാ വാർത്തസമ്മേളനം നടത്തി ആരോപണങ്ങൾ നിഷേധിക്കണം. അല്ലെങ്കിൽ ഇന്ത്യൻ കോടതികൾ സിഖുകാരെ ആക്രമിക്കാൻ അദ്ദേഹം ഇടപെടൽ നടത്തിയെന്ന ആരോപണത്തിൽ കുറ്റവിമുക്തനാക്കും വരെ അമിത് ഷായെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും മാറ്റിനിർത്തണമെന്നും ആവശ്യപ്പെട്ടു.
ഡേവിഡ് മോറസെന്ന മന്ത്രിയാണ് കാനഡയിൽ സിഖുകാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചത്. ഇതിന് മുമ്പ് കനേഡിയൻ ഉദ്യോഗസ്ഥരും വാഷിങ്ടൺ പോസ്റ്റിനോട് ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയിരുന്നു.
ഹർദീപ് സിങ് നിജ്ജാറിന്റെ വധത്തിൽ ഇന്ത്യൻ സർക്കാറിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിക്കുന്നതിനും മുമ്പ് വിവരങ്ങൾ വാഷിങ്ടൺ പോസ്റ്റിന് ചോർത്തി നൽകിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതുസംബന്ധിച്ച് ട്രൂഡോയുടെ ഉപദേശകയും വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഉപദേശക നതാലെ ഡ്രോവിൻ കനേഡിയൻ പാർലമെന്ററി സമിതിക്ക് മുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് ദ ഗ്ലോബ് ആൻഡ് മെയിൽ ന്യൂസ്പേപ്പർ റിപ്പോർട്ട് ചെയ്തത്. ഇത്തരം വിവരങ്ങൾ ചോർത്തി നൽകാൻ തനിക്ക് പ്രധാനമന്ത്രിയുടെ അനുമതി വേണ്ടെന്നും അവർ വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.