എട്ട് വർഷത്തെ മോദി ഭരണത്തിൽ ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി -രൂക്ഷവിമർശനവുമായി സുബ്രമണ്യൻ സ്വാമി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ രാജ്യസഭ എം.പിയുമായ സുബ്രമണ്യൻ സ്വാമി. മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി വക്താക്കളുടെ വിദ്വേഷ പരാമർശങ്ങൾ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ട്വീറ്റുമായി അദ്ദേഹം രംഗത്ത് വന്നത്.
'എട്ട് വർഷത്തെ മോദിയുടെ ഭരണത്തിൽ ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി. ലഡാക്കിൽ െെചനക്ക് മുന്നിൽ ഇഴഞ്ഞുനീങ്ങി, യുക്രൈയിൻ അധിനിവേശത്തിൽ റഷ്യയോട് മുട്ടുകുത്തി, ക്വാഡിൽ അമേരിക്കക്ക് മുന്നിൽ കീഴടങ്ങി, ഇപ്പോൾ ചെറിയ രാജ്യമായ ഖത്തറിന് മുന്നിൽ ദണ്ഡനമസ്കാരം ചെയ്തിരിക്കുന്നു. വിദേശനയം ഇന്ത്യ അടിയറവ് വെച്ചു'. സുബ്രമണ്യൻ സ്വാമി ട്വീറ്റിൽ വിമർശിച്ചു. ബി.ജെ.പിയുടെയും കേന്ദ്ര സർക്കാരിന്‍റെയും നയങ്ങളെ ഏറെകാലമായി സുബ്രമണ്യൻ സ്വാമി വിമർശിക്കുന്നുണ്ട്.
പ്രവാചകനെ അപകീർത്തിപ്പെടുത്തിയതിൽ പരസ്യ പ്രതിഷേധവുമായി ഖത്തർ, കുവൈത്ത്, ഒമാൻ, ഇറാൻ, പാകിസ്താൻ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ അംബാസഡർമാരെ വിളിച്ചുവരുത്തിയാണ് ഖത്തറും കുവൈത്തും പ്രതിഷേധം അറിയിച്ചത്. സൗദിഅറേബ്യയും വിഷയത്തെ അപലപിച്ചു. മുസ്‍ലിംകൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന അതിക്രമങ്ങളുടെ തുടർച്ചാണിതെന്നും നടപടി വേണമെന്നുമാണ് അറബ് ലീഗ് ആവശ്യപ്പെട്ടത്.
കടുത്ത പ്രതിഷേധത്തെ തുടർന്ന്, വിവാദ പരാമർശം നടത്തിയ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമ്മ, ഡൽഹി മീഡിയ ഇൻചാർജ് നവീൻകുമാർ ജിൻഡാൽ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ലോക രാജ്യങ്ങളിൽ നിന്ന് വലിയ പ്രതിഷേധം ഉണ്ടായതോടെ വിഷയത്തിൽ കേന്ദ്ര സർക്കാർ ഖേദം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.