തിരുപ്പതി ലഡു വിവാദം കത്തിക്കാൻ സംഘ് പരിവാർ; വി.എച്ച്.പി ഉൾപ്പെടെ സംഘടനകൾ കളത്തിൽ
text_fieldsന്യൂഡൽഹി: തിരുമല-തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിനുള്ള നെയ്യിൽ മൃഗക്കൊഴുപ്പ് ചേർത്തെന്ന റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ വിഷയം ദേശീയതലത്തിൽ ചർച്ചയാക്കാൻ സംഘ് പരിവാർ. സംഭവം കോടതി നിരീക്ഷണത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സുപ്രീംകോടതിയിൽ ഹരജി നൽകി. ആന്ധ്രപ്രദേശ് സർക്കാറിൽനിന്ന് വിശദ റിപ്പോർട്ട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹരജി സംബന്ധിച്ച് സ്വാമി എക്സിൽ പോസ്റ്റിട്ടു. കഴിഞ്ഞ ദിവസം ഹിന്ദു സേന സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയിരുന്നു. സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത് ആവശ്യപ്പെട്ടു. വി.എച്ച്.പിയുടെ അന്താരാഷ്ട്ര സെക്രട്ടറി ബജ്റംഗ് ബാഗ്ര ഉൾപ്പെടെ പ്രമുഖ നേതാക്കൾ തിരുപ്പതിയിലെത്തി. പ്രസാദമായ ലഡുവിനുള്ള നെയ്യിൽ മൃഗക്കൊഴുപ്പും മത്സ്യഎണ്ണയും ചേർത്തത് വിശ്വാസികളെ അപമാനിക്കലാണ്. പൊറുക്കാനാവാത്ത ഈ കുറ്റകൃത്യത്തിലെ പ്രതികളെ മാതൃകപരമായി ശിക്ഷിക്കണം. ലക്ഷക്കണക്കിന് ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ റിപ്പോർട്ടാണ് പുറത്തുവന്നത് -വി.എച്ച്.പി നേതാക്കൾ പറഞ്ഞു.
സംഭവത്തിൽ ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്കു മുന്നിൽ കഴിഞ്ഞ ദിവസം യുവമോർച്ച പ്രതിഷേധ പ്രകടനം നടത്തി. വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭക്ഷ്യ സുരക്ഷ അതോറിറ്റി സാമ്പ്ൾ ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്. ‘എഫ്.എസ്.എസ്.എ.ഐ’യുടെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖരേ പറഞ്ഞു.
ജഗൻ മോഹന്റെ ഭരണകാലത്ത് തിരുമല തിരുപ്പതി ലഡുവിൽ നിലവാരമില്ലാത്ത നെയ്യും മൃഗക്കൊഴുപ്പും ചേർത്തെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് ആദ്യം വെളിപ്പെടുത്തിയത്. ജഗന്റെ പാർട്ടിയായ വൈ.എസ്.ആർ കോൺഗ്രസ് ആരോപണം നിഷേധിച്ചിരുന്നു. ചന്ദ്രബാബു നായിഡു രാഷ്ട്രീയം കളിക്കുകയാണെന്നാണ് ജഗൻ മോഹൻ പറയുന്നത്.
തിരുമല ക്ഷേത്രത്തിൽ ശാന്തി ഹോമം
തിരുപ്പതി (ആന്ധ്ര പ്രദേശ്): പ്രസാദമായ ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിനെ തുടർന്ന് പാപപരിഹാരങ്ങൾക്കായി തിരുമല ക്ഷേത്രത്തിൽ ശാന്തി ഹോമം നടത്തി. തിങ്കളാഴ്ച രാവിലെ ആറുമുതൽ പത്തുവരെയാണ് ഹോമം നടത്തിയത്. ആചാരങ്ങളിൽ തെറ്റ് സംഭവിച്ചാലാണ് ഇത്തരം ഹോമം നടത്താറുള്ളത്. പാപ പരിഹാരത്തിനായി വർഷം തോറും നടത്താറുള്ള കർമങ്ങൾ ആഗസ്റ്റ് 15 മുതൽ 17 വരെ ക്ഷേത്രത്തിൽ നടന്നിരുന്നു. ഇതിനു ശേഷമാണ് ലഡുവിൽ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് പരിശോധന ഫലം പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.