ഐ.പി.എൽ ഫൈനൽ ഒത്തുകളിയെന്ന് സുബ്രഹ്മണ്യൻ സ്വാമി; അമിത് ഷാക്കും ജയ് ഷാക്കുമെതിരെ ഒളിയമ്പ്
text_fieldsഅഹമ്മദാബാദ്: ഐ.പി.എൽ ഫൈനൽ ഒത്തുകളിയായിരുന്നെന്ന ആരോപണവുമായി മുതിർന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ട്വിറ്ററിലൂടെയാണ് ആരോപണമുയർത്തിയത്. പോസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും ജയ് ഷാക്കുമെതിരെ ഒളിയമ്പുമുണ്ട്.
''ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫലത്തിൽ കൃത്രിമം നടന്നതായി ഇന്റലിജൻസ് വിഭാഗങ്ങളിൽ വ്യാപകമായ സംശയമുണ്ട്. സംശയത്തിന്റെ അന്തരീക്ഷം നീക്കാൻ അന്വേഷണം ആവശ്യമാണ്. അതിന് പൊതുതാൽപര്യ ഹരജി തന്നെ വേണ്ടിവരും. അമിത് ഷായുടെ മകൻ ബി.സി.സി.ഐ തലവനായതുകൊണ്ട് സർക്കാർ നേരിട്ട് അന്വേഷണം നടത്തില്ല'' ട്വീറ്റിൽ സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു.
There is widespread feeling in intelligence agencies that the Tata IPL Cricket outcomes were rigged. It may require a probe to clear the air for which PIL may be necessary since Govt will not do it as Amit Shah's son is defacto dictator of BCCI
— Subramanian Swamy (@Swamy39) June 2, 2022
ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസും മലയാളി താരം സഞ്ജു സാംസന്റെ നായകത്വത്തിലുള്ള രാജസ്ഥാൻ റോയൽസും തമ്മിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലായിരുന്നു ഫൈനൽ അരങ്ങേറിയത്. മത്സരം കാണാൻ സ്റ്റേഡിയത്തിൽ അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കളുമെത്തിയിരുന്നു. മത്സരശേഷം ജെയ് ഷായുടെ അമിതാഹ്ലാദ പ്രകടനവും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഗുജറാത്തിന്റെ വിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഉയർത്തിയ ചോദ്യമാണ് സുബ്രഹ്മണ്യൻ സ്വാമി ഏറ്റുപിടിച്ചിരിക്കുന്നത്.
ഫൈനലിൽ ടോസ് ലഭിച്ചിട്ടും സഞ്ജു ബാറ്റിങ് തിരഞ്ഞെടുത്തത് വലിയ സംശയമുയർത്തിയിരുന്നു. അഹമ്മദാബാദിലെ സ്‌റ്റേഡിയത്തിൽ ചേസ് ചെയ്യുന്നവർക്കൊപ്പമാണ് കൂടുതൽ തവണയും വിജയം നിന്നത്. ഇതിനൊപ്പം ഗുജറാത്തിന്റെ ചേസിങ് റെക്കോർഡും സഞ്ജു കണക്കിലെടുത്തില്ലെന്നും സമൂഹമാധ്യമങ്ങളിൽ ആരോപണം ഉയർന്നിരുന്നു.
മത്സരത്തിൽ ബാറ്റിങ് തുടങ്ങി അധികം വൈകാതെ സഞ്ജുവിന്റെ തീരുമാനം തെറ്റായെന്ന് വ്യക്തമായിരുന്നു. രാജസ്ഥാൻ ബാറ്റർമാർ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറുന്നതാണ് പിന്നീട് കണ്ടത്. 20 ഓവറിൽ 130 റൺസ് മാത്രമാണ് രാജസ്ഥാന് നേടാനായത്. 131 എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 11 പന്ത് ബാക്കിനിൽക്കെ ഗുജറാത്ത് അനായാസം മറികടക്കുകയും കന്നി സീസണിൽ തന്നെ കിരീടം സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.