'രണ്ട് അണലികൾക്കൊപ്പം സഖ്യസർക്കാരുണ്ടാക്കിയത് നരേന്ദ്രമോദി ചെയ്ത ഏറ്റവും വലിയ തെറ്റ്'
text_fieldsഡല്‍ഹി: തുടർച്ചയായ മൂന്നാംതവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിയെ വിമർശിച്ച് മുതിർന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിയുമായും(ടി.ഡി.പി) നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റഡുമായും(ജെ.ഡി.യു) കൂട്ടുകക്ഷി സർക്കാർ രൂപവത്കരിച്ചതിനാണ് വിമർശനം. 2014, 2019, 2024 വർഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മൊത്തം എം.പിമാരുടെ എണ്ണം താരതമ്യം ചെയ്ത ട്വീറ്റിന് മറുപടിയായാണ് മുൻ കേന്ദ്രമന്ത്രിയായിരുന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ വിമർശനം. മാധ്യമപ്രവർത്തകൻ അരവിന്ദ് ഗുണശേഖറിന്റെ എക്സ് പോസ്റ്റിനായിരുന്നു സ്വാമിയുടെ മറുപടി.
ഇന്ത്യൻ രാഷ്ട്രീയത്തിലെ രണ്ട് അണലികൾക്കൊപ്പം സഖ്യമുണ്ടാക്കിയതാണ് മോദിയുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് എന്നാണ് സ്വാമി പറഞ്ഞത്. ''മോദിയുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് (വിനാശകാലെ വിപരീത ബുദ്ധി) ഇന്ത്യൻ രാഷ്ട്രീയത്തിലെ രണ്ട് അണലികൾക്കൊപ്പം സഖ്യം ചേര്‍ന്നതാണ്. ഈ രണ്ടുപേരും ഹിന്ദുത്വ ഒട്ടകത്തിന്മേൽ ഇരിക്കുന്ന മതേതരത്വത്തിന് മുകളില്‍ ചുവടുവെക്കും. മാസങ്ങൾക്കുള്ളിൽ ബി.ജെ.പി താറുമാറാകും. ഒരു പുതിയ കാവി ബി.ജെ.പി ഉയർന്നുവരും.''-എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി എക്സില്‍ കുറിച്ചത്. മൂന്നു ടേമുകളിലായി മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായി എന്നാണ് ഗുണശേഖർ പോസ്റ്റിൽ ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.