'ഈ അക്രമോത്സുകത ഇന്ത്യയിലേക്ക് കടന്നു കയറിയ അയൽ രാജ്യത്തോട് പോലുമില്ല'രാജ്യസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരോടുള്ള കേന്ദ്ര സർക്കാറിെൻറ മനുഷ്യത്വരഹിതമായ സമീപനങ്ങൾെക്കതിരെ രാജ്യസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ കക്ഷികൾ. മന്ത്രിമാർ സംഭാഷണത്തിലല്ല, പകരം ഏകഭാഷണത്തിലാണ് വിശ്വസിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി
ആർ.ജെ.ഡി എം.പി മനോജ് കുമാർ ഝാ കടുത്ത ഭാഷയിലാണ് സർക്കാറിനെതിരെ ആഞ്ഞടിച്ചത്. ''കടുത്ത ശൈത്യത്തിലും നിങ്ങൾ കർഷകർക്കുള്ള ജല വിതരണവും ശൗചാലയ സൗകര്യങ്ങളും നിർത്തലാക്കി. കുഴികൾ വെട്ടി, മുള്ളു കമ്പികൾ സ്ഥാപിച്ചു, ആണികൾ തറക്കുകയും ചെയ്തു. ഇന്ത്യൻ മണ്ണിലേക്ക് കടന്നു കയറിയ അയൽ രാജ്യത്തോട് പോലും ഇത്തരത്തിൽ അക്രമോത്സുക സമീപനം കേട്ടിട്ടില്ല. കൈ കെട്ടി നിന്നുകൊണ്ട് ഞാൻ അപേക്ഷിക്കുകയാണ്, ദയവായി കർഷകരുടെ വേദന മനസ്സിലാക്കൂ... '' -മനോജ് കുമാർ ഝാ പറഞ്ഞു.
താൻ അതിർത്തിയിൽ പോയിട്ടില്ല. എന്നാൽ കണ്ട ചിത്രങ്ങളിലൊന്നും കർഷക പ്രക്ഷോഭ സ്ഥലത്ത് നടന്ന പോലുള്ള കാര്യങ്ങളില്ല. ഞങ്ങൾ നിങ്ങളെ പിന്തുണക്കും എന്നാൽ മുഴുവൻ ലോകവും നിങ്ങൾക്കെതിരാവുന്നത് ദേശവിരുദ്ധമല്ല. ദേശസ്നേഹം കൈയിൽ ധരിക്കാനുള്ളതല്ലെന്നും പകരം ഹൃദയത്തിൽ സൂക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
''നിങ്ങൾ ആരോടാണ് പോരാടുന്നത്? അവർ നിങ്ങളുടെ കർഷകരാണ്. ഇൗ രാജ്യം നിർമിച്ചത് പൊലീസിനെക്കൊണ്ടോ ആയുധംകൊണ്ടോ ജനഗണ മനയോ വന്ദേ മാതരമോ കൊണ്ടോ അല്ല. ബന്ധങ്ങൾകൊണ്ടാണ് ഈ രാജ്യം രൂപപ്പെട്ടത്. ആ ബന്ധങ്ങളെയാണ് നിങ്ങൾ ദുഷിപ്പിച്ചുത്'' -മനോജ് കുമാർ ഝാ കുറ്റപ്പെടുത്തി.
പ്രതിഷേധങ്ങളും സമരങ്ങളും ജനാധിപത്യത്തിെൻറ ജീവരക്തമാണ്. മന്ത്രിമാർ സംഭാഷണത്തിലല്ല, പകരം ഏകഭാഷണത്തിലാണ് വിശ്വസിക്കുന്നതെന്നും 11 തവണ കർഷകരുമായി ചർച്ച പൂർത്തീകരിച്ചുവെന്ന സർക്കാർ വാദത്തെ വിമർശിച്ചുകൊണ്ട് മനോജ് ഝാ ആരോപിച്ചു.
സ്വകാര്യ കോർപറേറ്റുകൾ ശീതീകരണ അറകളും കേന്ദ്രങ്ങളുടെയും ഗോഡൗണുകളുടേയും ശൃംഖല നിർമിച്ചുവെന്ന റിപ്പോർട്ടുകളിലും അദ്ദേഹം കേന്ദ്രത്തിനെതിരെ വിമർശന ശരമെയ്തു.
''നിങ്ങളുടെ നട്ടെല്ല് കർഷകനാണ്. 303(എൻ.ഡി.എ നേടിയ സീറ്റുകൾ) ശീതീകരണ അറയിൽ നിന്നോ ഗോഡൗണിൽനിന്നോ വരില്ല. ജനങ്ങളിൽ നിന്നേ ലഭിക്കൂ. നിങ്ങൾക്ക് കേൾക്കാനുള്ള ക്ഷമ നഷ്ടപ്പെട്ടിരിക്കുന്നു. നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്. പാലങ്ങൾ നിർമിക്കാനാണ് സർക്കാറുകൾ രൂപീകൃതമായത്, എന്നാൽ നിങ്ങൾ മതിലുകളാണ് പണിതുയർത്തുന്നത്'' ഝാ പറഞ്ഞു.
കർഷകർ രാജ്യത്തിെൻറ നട്ടെല്ലാണെന്ന് മുൻ പ്രധാനമന്ത്രിയും ജെ.ഡി(എസ്) നേതാവുമായ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഭവങ്ങൾക്ക് പിന്നിൽ സാമൂഹ്യ വിരുദ്ധരാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ നടപടിയെ അപലപിക്കുകയും ശിക്ഷ ലഭിക്കണമെന്ന് അംഗീകരിക്കുകയും ചെയ്തതാണെന്നും കർഷകരുടെ പ്രശ്നങ്ങളെ ഇതുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മോദി സർക്കാരിെൻറ വാഗ്ദാനങ്ങളും നടപ്പാക്കലും തമ്മിലുള്ള അന്തരം വളരെ വലുതാണെന്ന് കോൺഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ് പറഞ്ഞു. ദരിദ്രരോ കർഷകരോ തൊഴിലാളികളോ ആകട്ടെ ജനങ്ങളുടെ മനസ്സ് കീഴടക്കാൻ സർക്കാറിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഭാരതീയ കിസാൻ സംഘ് പോലും സർക്കാറിെൻറ ചില നീക്കങ്ങളെ എതിർക്കുന്നു. ആർ.എസ്.എസുമായി ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ച് അദ്ദേഹത്തെ പരിഹസിക്കുകയുമുണ്ടായി.
"ജനാധിപത്യത്തിൽ ജനങ്ങളുടെ വൈകാരികതയെ വിപ്ലവമായി കാണുന്നുവെങ്കിൽ അത് സ്വേച്ഛാധിപത്യമാണ്. നിങ്ങൾക്ക് ഭൂരിപക്ഷം ലഭിച്ചു, പക്ഷേ വിയോജിക്കുന്നവരാണ് ജനാധിപത്യത്തിെൻറ സത്ത്" -സിങ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.