എൻ.സി.ഇ.ആർ.ടി വിദഗ്ധ സമിതിയിൽ സുധാമൂർത്തിയും ശങ്കർ മഹാദേവനും
text_fieldsന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായി സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന് എഴുത്തുകാരിയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ സുധാമൂർത്തി, സംഗീതജ്ഞൻ ശങ്കർ മഹാദേവൻ അടക്കം 19 അംഗ സമിതി രൂപവത്കരിച്ച് എൻ.സി.ഇ.ആർ.ടി. മൂന്നു മുതൽ 12 വരെ ക്ലാസുകളിലെ പാഠപുസ്തക ഉള്ളടക്കം പരിഷ്കരിക്കാനാണ് നാഷനൽ സിലബസ് ആൻഡ് ടീച്ചിങ് ലേണിങ് മെറ്റീരിയൽ കമ്മിറ്റി (എൻ.എസ്.ടി.സി.) രൂപവത്കരിച്ചത്.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ (എൻ.ഐ.ഇ.പി.എ.) ചാൻസലർ എം.സി. പന്ത് ആണ് സമിതി ചെയർമാൻ.
ആര്‍.എസ്.എസ് അനുബന്ധ സംഘടനയായ സംസ്കൃത ഭാരതിയുടെ സ്ഥാപക അംഗം ചാമു കൃഷ്ണശാസ്ത്രി, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം സഞ്ജീവ് സന്യാൽ, പ്രിൻസ്റ്റൺ സർവകലാശാല ഗണിതശാസ്ത്ര പ്രഫസർ മഞ്ജുൾ ഭാർഗവ, ഗണിതശാസ്ത്രജ്ഞ സുജാത രാംദോരൈ, ബാഡ്മിന്‍റൺ താരം യു. വിമൽകുമാർ, സെന്റർ ഫോർ പോളിസി സ്റ്റഡീസ് ചെയർപേഴ്‌സൺ എം.ഡി. ശ്രീനിവാസ് എന്നിവരും അംഗങ്ങളാണ്.
കെ. കസ്തൂരിരംഗന്‍റെ നേതൃത്വത്തിലുള്ള സ്റ്റിയറിങ് കമ്മിറ്റി വികസിപ്പിച്ച സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) അടിസ്ഥാനമാക്കിയാകും സമിതിയുടെ പ്രവർത്തനം. പാഠപുസ്തക പരിഷ്കരണത്തോടൊപ്പം അധ്യാപന, പഠന സാമഗ്രികളും സമിതി തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.