ഞങ്ങളൊക്കെ വയസൻമാർ; യുവാക്കളാണ് വിധി നിർണയിക്കുന്നത് -കർണാടക തെരഞ്ഞെടുപ്പിൽ സുധ മൂർത്തി
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി എഴുത്തുകാരിയും പത്മ ഭൂഷൺ ജേതാവുമായ സുധ മൂർത്തി. ഭർത്താവും ഇൻഫോസിസ് സ്ഥാപകനുമായ നാരായണ മൂർത്തിക്കൊപ്പമാണ് അവർ എത്തിയത്.
വോട്ട് ചെയ്യാൻ അവർ യുവാക്കളെ പ്രോത്സാഹിപ്പിച്ചു. ''യുവാക്കൾ നിർബന്ധമായും വോട്ട് രേഖപ്പെടുത്തണമെന്നാണ് ഞാൻ എല്ലായ്പ്പോഴും പറയാറുള്ളത്. എന്നാൽ മാത്രമേ നിങ്ങൾക്ക് സംസാരിക്കാനുള്ള അധികാരമുണ്ടാവുകയുള്ളൂ. വോട്ട് രേഖപ്പെടുത്തിയില്ല എങ്കിൽ നിങ്ങൾക്ക് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാൻ ഒരു അധികാരവുമുണ്ടായിരിക്കില്ല. ഞങ്ങളെ നോക്കൂ...ഞങ്ങളൊക്കെ വൃദ്ധരാണ്. എന്നാൽ ആറു മണിക്കുതന്നെ എഴുന്നേറ്റ് വോട്ട് ചെയ്യാൻ ഇവിടെയെത്തി. ഞങ്ങളിൽ നിന്ന് നിങ്ങൾക്ക് പഠിക്കാനുണ്ട്. ജനാധിപത്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് വോട്ടെടുപ്പ്.''-സുധാമൂർത്തി പറഞ്ഞു.
വോട്ട് ചെയ്യാൻ യുവാക്കളെ ഉപദേശിക്കേണ്ടത് മുതിർന്നവരുടെ ഉത്തരവാദിത്തമാണെന്നും അതാണ് മാതാപിതാക്കൾ ചെയ്തിരുന്നതെന്നും നാരായണ മൂർത്തി പറഞ്ഞു.വോട്ട് ചെയ്യാതെ സർക്കാരിനെ വിമർശിക്കാൻ ജനങ്ങൾക്ക് അധികാരമില്ലെന്നും നാരായണ മൂർത്തി കൂട്ടിച്ചേർത്തു.
രാവിലെ ഏഴുമണിക്കാണ് കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങിയത്. 13നാണ് വോട്ടെണ്ണൽ. 224 അംഗ നിയമസഭയിലേക്കായി 2615 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.