ഡൽഹി മന്ത്രി സത്യേന്ദർ ജെയിനും അനുയായികളും ഹവാല പണം വാങ്ങിയതിനു തെളിവുണ്ടെന്ന് കോടതി
text_fieldsന്യൂഡൽഹി: ആം ആദ്മി സർക്കാരിലെ മന്ത്രി സത്യേന്ദർ ജെയിനും അനുയായികളും ഹവാല പണം ഉപയോഗിച്ച് രാജ്യ തലസ്ഥാനത്തും പരിസരങ്ങളിലും കൃഷി ഭൂമി വാങ്ങിയെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച കുറ്റപത്രത്തിൽ പ്രഥമ ദൃഷ്ട്യ തെളിവുകളുണ്ടെന്ന് ഡൽഹി ഹൈ കോടതി.
ജൂലൈ 27നാണ് ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സത്യേന്ദർ ജെയിൻ, ഭാര്യ പൂനം ജെയിൻ, സഹപ്രവർത്തകരായ അജിത് പ്രസാദ് ജെയിൻ, സുനിൽ കുമാർ ജെയിൻ, വൈഭവ് ജെയിൻ, അങ്കുഷ് ജെയിൻ എന്നിവരെയും അക്കിഞ്ചൻ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെയും ഇ.ഡി കുറ്റപത്രത്തിൽ പേരെടുത്തു പരാമർശിക്കുന്നുണ്ട്.
അതിനിടെ, സത്യേന്ദർ ജെയിനെ ന്യായീകരിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തു വന്നിരുന്നു. വളരെ സത്യസന്ധനും അച്ചടക്കമുള്ള വ്യക്തിയും ദേശസ്നേഹിയുമായ ജെയിനെതിരായ കേസുകൾ കെട്ടിച്ചമച്ചതാണെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം. നിരപരാധിത്വം തെളിയിച്ച് അദ്ദേഹം ഉടൻ പുറത്തുവരുമെന്ന ശുഭാപ്തി വിശ്വാസവും കെജ്രിവാൾ പ്രകടിപ്പിച്ചിരുന്നു.
കേസില്‍ മേയ് 30നാണ് ജെയിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നാലെ ജൂണ്‍ ഏഴ് വരെ കോടതി അദ്ദേഹത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു.വൈഭവ് ജെയിൽ, അങ്കുഷ് ജെയിൻ എന്നിവരെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരും മന്ത്രിയോടൊപ്പം ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
2015-16 കാലത്ത് പൊതുപ്രവർത്തകനായിരിക്കെ, സത്യേന്ദ്ര ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. ജെയിന്റെ കമ്പനികളുടെ അക്കൗണ്ടിലേക്ക് ഇത്രയും തുക ക്രെഡിറ്റ് ചെയ്യുകയും ഇത് പിന്നീട് കൊല്‍ക്കത്തെ ആസ്ഥാനമായുള്ള ബ്രോക്കര്‍മാര്‍ക്ക് കൈമാറുകയും അതുപയോഗിച്ച് ഭൂമി വാങ്ങുകയും അതുപോലെ ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൃഷിഭൂമി വാങ്ങിയതിന്റെ വായ്പാ തുക തിരിച്ചടയ്ക്കാനും വിനിയോഗിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ജെയിന്റെ ഉടമസ്ഥയിലുള്ള കമ്പനികളുടെ 4.81 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് നിരവധി തവണ മന്ത്രിയുടെയും അനുയായികളുടെയും വസതികളിൽ ജൂൺ ആറിന് ഇ.ഡി തിരച്ചിൽ നടത്തിയിരുന്നു. 2.85 കോടിയുടെ പണവും 133 സ്വർണ നാണയങ്ങളും ഇവിടങ്ങളിൽ നിന്ന് കണ്ടെടുത്തതായും അന്വേഷണ ഏജൻസി അവകാശപ്പെട്ടിരുന്നു. റാം പ്രകാശ് ജുവലേഴ്‌സിന്റെ ഡയറക്ടര്‍മാരായ അങ്കുഷ് ജെയിന്‍, വൈഭവ് ജെയിന്‍, നവീന്‍ ജെയിന്‍, സിദ്ദാര്‍ഥ് ജെയിന്‍ എന്നിവരുടെ വീടുകളില്‍ നിന്ന് 2.23 കോടി രൂപ പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഇവര്‍ സത്യേന്ദര്‍ ജെയിനെ നേരിട്ടോ അല്ലാതെയോ സഹായിച്ചുണ്ടെന്നും ഇ.ഡി പറഞ്ഞു. കേസില്‍ നിര്‍ണായകമായ ചില ഡിജിറ്റല്‍ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.