ബി.ജെ.പി സ്ഥാനാർഥികളെ കരിങ്കൊടി കാട്ടി പായിച്ച് യു.പിയിലെ കരിമ്പ് കര്‍ഷകര്‍
text_fieldsകർഷകർ ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനും തലവേദന ആയിട്ട് നാളുകളായി. എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ബി.ജെ.പി കർഷകരെ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും അവർ വഴങ്ങുന്ന മട്ടില്ല. ഉത്തർ പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കർഷക രോഷം കൂടുതൽ തങ്ങൾക്ക് പ്രതികൂലമാകും എന്നറിഞ്ഞ് അത് മറികടക്കാനുള്ള കഠിനശ്രമങ്ങളാണ് ബി.ജെ.പി പയറ്റുന്നത്.
പടിഞ്ഞാറൻ ഉത്തർ പ്രദേശിൽ ബി.ജെ.പി സ്ഥാനാർഥികളെ വലക്കുന്നത് കരിമ്പ് കർഷകർ നേരിടുന്ന ദുരിതമാണ്. പഞ്ചസാര മില്ലുകൾ കരിമ്പ് ശേഖരിച്ച ശേഷം കർഷകർക്ക് തുക നൽകുന്നതിലെ കാലതാമസമാണ് ഈ മേഖലയിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. 1600 കോടി രൂപയാണ് മില്ലുകൾ ഇനിയും കർഷകർക്ക് നൽകാനുള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പടിഞ്ഞാറൻ ഉത്തർപ്രദേശിലാണ് കരിമ്പ് കർഷകര്‍ ഏറെയും. ഗോതമ്പ് പോലെ സർക്കാർ നേരിട്ട് സംഭരിക്കാതെ, ഇടനിലക്കാർ വഴി കരിമ്പെടുക്കുന്നത് കൊണ്ടാണ് ഭീമമായ തുക കുടിശികയാകുന്നത്.
കിട്ടാനുള്ള തുകക്ക് പലിശ നൽകുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപനം നടത്തിയെങ്കിലും കർഷകർ വിശ്വസിച്ച മട്ടില്ല. കരിമ്പ് വ്യവസായ മന്ത്രി സുരേഷ് റാണ അടക്കമുള്ള ബി.ജെ.പി സ്ഥാനാർഥികൾക്ക് നേരെ കരിങ്കൊടി വീശിയാണ് കർഷകർ പ്രതിഷേധിച്ചത്.
ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങൾ നൽകുന്ന വിലയേക്കാൾ കുറഞ്ഞ തുകയാണ് ഉത്തർ പ്രദേശിലെ കർഷകർക്ക് ലഭിക്കുന്നത്. ഈ തുക പോലും കൃത്യമായി ലഭിക്കാത്തതാണ് കർഷക രോഷം ശക്തമാക്കിയത്. കർഷകരുടെ തുക 15 ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ മില്ല് കണ്ടുകെട്ടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നതെല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ടായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
എസ്.പി സർക്കാർ അധികാരത്തിൽ എത്തിയാൽ 15 ദിവസത്തിനുള്ളിൽ കരിമ്പ് കർഷകർക്ക് തുക കൈമാറുമെന്നാണ് അഖിലേഷ് യാദവിന്റെ വാഗ്ദാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.