കശ്മീരിലെ സൈനിക കേന്ദ്രത്തിന് നേരെ ചാവേറാക്രമണം; രണ്ട് ഭീകരരെ വധിച്ചു, മൂന്നു സൈനികർക്ക് വീരമൃത്യു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേറാക്രമണം. പുലർച്ചെ മൂന്നരയോടെ രജൗരി ജില്ലയിലെ ദർഹൽ ഏരിയയിലെ പർഗലിൽ സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രത്തിന് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്.
രണ്ട് ഭീകരരെ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ വധിച്ചു. മൂന്നു സൈനികർ വീരമൃത്യു വരിച്ചു. പരിക്കേറ്റ രണ്ട് സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന രജൗരിയിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് സംഭവം.
സൈനിക കേന്ദ്രത്തിന്‍റെ വേലി ചാടി കടന്ന് ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം സുരക്ഷാസേന തകർക്കുകയായിരുന്നു. ഭീകരരും സേനയും നേർക്കുനേർ വെടിയുതിർത്തു. നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ സൈനികർ വെടിവെച്ചു വീഴ്ത്തി. ഇതിനിടെയാണ് സൈനികർക്ക് വെടിയേറ്റത്.
സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്ന പ്രദേശം വളഞ്ഞ സുരക്ഷാസേന കൂടുതൽ ഭീകരർക്കായി വിശദമായ പരിശോധന ആരംഭിച്ചു. കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ആഗസ്റ്റ് 15ന് 75-ാം സ്വാതന്ത്ര്യദിനാഘോഷം നടക്കാനിരിക്കെ രാജ്യത്ത് കനത്ത ജാഗ്രതാ നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചാവേറാക്രമണം നടന്നത്.
ബുധനാഴ്ച കശ്മീരിലെ ബുദ്ഗാമിൽ മൂന്ന് ലശ്കറെ ത്വയ്യിബ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇതിൽ ഒരാൾ സിവിലിയന്മാരായ രാഹുൽ ഭട്ട്, അംറീൻ ഭട്ട് എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.