അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാര്‍ക്കുമുന്നില്‍ സയനൈഡ് കഴിച്ച് മോഷ്ടാവ് ജീവനൊടുക്കി
text_fieldsബംഗളൂരു: മോഷണക്കേസില്‍ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു മുന്നില്‍ സയനൈഡ് കഴിച്ച് മോഷ്ടാവ് ആത്മഹത്യചെയ്തു. ആന്ധ്രപ്രദേശ് ചിറ്റൂര്‍ സ്വദേശിയും ബംഗളൂരു കെ.ആര്. പുരത്തെ താമസക്കാരനുമായ സി. ശങ്കര്‍ ആണ് (47) പൊലീസ് പിടികൂടുന്നതിനു തൊട്ടുമുമ്പ് കൈവശം സൂക്ഷിച്ചിരുന്ന സയനൈഡ് കഴിച്ചത്. പൊലീസുകാര്‍ ഉടന്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. എട്ടോളം മാലമോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
ശങ്കറും ഇയാളുടെ കൂട്ടാളിയായ ചന്ദ്രശേഖറും ഹൊസക്കോട്ടെ പിള്ളഗുംപയിലെ ആഞ്ജനേയ ക്ഷേത്രത്തിലേക്ക് പോകുന്നുവെന്ന വിവരം ലഭിച്ചതോടെ കെ. ആര് പുരം പൊലീസ് ഇവരെ പിന്തുടരുകയായിരുന്നു. രണ്ടാഴ്ചമുമ്പ് കെ.ആര് പുരത്തുനിന്നും സ്ത്രീയുടെ മാല തട്ടിയെടുത്ത കേസില്‍ പ്രതികളാണ് ഇരുവരും. ഇവര്‍ സഞ്ചരിച്ച ബൈക്ക് ക്ഷേത്രത്തിനു സമീപം നിര്‍ത്തിയതോടെ പിന്തുടര്ന്നെത്തിയ പൊലീസ് സംഘം ഇവര്‍ക്കരികിലെത്തി. ഇതോടെ കൈവശമുണ്ടായിരുന്ന സയനൈഡ് ഗുളിക ശങ്കര്‍ വിഴുങ്ങുകയായിരുന്നു.
പൊലീസ് സംഘം ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതിനിടെ കൂട്ടാളിയായ ചന്ദ്രശേഖറിനെ പൊലീസ് പിടികൂടുകയും ചെയ്തു. നഗരത്തില്‍ വിവിധ ജോലികള്‍ ചെയ്തിരുന്ന ഇവര്‍ ആഡംബര ജീവിതത്തിനാണ് മാലമോഷണം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.