മഥുര ഇൗദ്ഗാഹ് മസ്ജിദിനായി പുതിയ പോർമുഖം തുറന്ന് സംഘ്പരിവാർ
text_fieldsഅലഹബാദ്: അനുകൂല കോടതി വിധിയുമായി ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിർമാണത്തിന് വിട്ടുകിട്ടിയതിനു പിറകെ ഉത്തർപ്രദേശിൽ മഥുര ഇൗദ്ഗാഹ് മസ്ജിദിനായി പുതിയ പോർമുഖം തുറന്ന് സംഘ്പരിവാർ.
17ാം നൂറ്റാണ്ടിൽ സ്ഥാപിച്ച പള്ളി തകർത്ത് സ്ഥലം കൃഷ്ണ ഭഗവാന് കൈമാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച ചിലർ നൽകിയ ഹരജിയിൽ കക്ഷി ചേരുന്നത് ആലോചിക്കാൻ സന്യാസിമാരുടെ സംഘടനയായ അഖിൽ ഭാരതീയ അഖാഡ പരിഷത്ത് ഒക്ടോബർ 15ന് യോഗം ചേരും.
മഥുരയിലെ വൃന്ദാവനിലാകും നിരവധി സന്യാസിമാർ പങ്കെടുക്കുന്ന യോഗം. മുന്നോടിയായി ഭാരവാഹികൾ സ്ഥലം സന്ദർശിക്കുമെന്ന് പ്രസിഡൻറ് നരേന്ദ്ര ഗിരി പറഞ്ഞു. മഥുരയിലെ ഈദ്ഗാഹ് മസ്ജിദിനു പുറമെ കാശിയിലെ മസ്ജിദും തകർത്ത് ഭൂമി കൈമാറണമെന്ന് നേരത്തെ ആവശ്യമുന്നയിക്കുന്ന സംഘടനയാണ് അഖാഡ പരിഷത്ത്.
അതേസമയം, പുതിയ നീക്കത്തിനെതിരെ സന്യാസിമാരുടെ സംഘടനയായ അഖില ഭാരതീയ തീർഥ് പുരോഹിത് മഹാസഭ രംഗത്തുവന്നു. പുറത്തുനിന്നുള്ള ചിലർ മഥുരയിലെ സമാധാനം തകർക്കാൻ ക്ഷേത്ര-പള്ളി വിഷയം ഉയർത്തുകയാണെന്ന് മഹാസഭ പ്രസിഡൻറ് മഹേഷ് പഥക് പറഞ്ഞു. പതിറ്റാണ്ടുകൾക്കു മുമ്പ് ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവ സൻസ്താനും ഷാഹി ഈദ്ഗാഹ് ട്രസ്റ്റും തമ്മിൽ ചർച്ചയിലൂടെ മഥുരയിലെ പ്രശ്നം പരിഹരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകൃഷ്ണെൻറ ജന്മസ്ഥലം കൈയേറി ഇൗദ്ഗാഹ് മസ്ജിദ് സ്ഥാപിച്ചുവെന്നും അതിനാൽ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ലഖ്നോ സ്വദേശി രഞ്ജന അഗ്നിഹോത്രിയും ആറ് ഭക്തരും മഥുര കോടതിയെ സമീപിച്ചത്. ശ്രീകൃഷ്ണെൻറ ജന്മസ്ഥലം ഷാഹി ഈദ് ഗാഹ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നാണ് സിവിൽ ഹരജിയിലെ പ്രധാന വാദം. ബാബരി മസ്ജിദ് ഭൂമി കേസിൽ ഹിന്ദു മഹാസഭയെ പ്രതിനിധാനം ചെയ്തയാളാണ് രജ്ഞന അഗ്നിഹോത്രി.
ഹരജി നൽകിയതിനു പിറകെ കൃഷ്ണ ജന്മഭൂമി പ്രസ്ഥാനം ആരംഭിക്കണമെന്ന് ബജ്രംഗ്ദൾ സ്ഥാപകനും മുൻ ബി.ജെ.പി എം.പിയുമായ വിനയ് കത്യാർ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.