ബംഗാൾ ബി.ജെ.പിയിൽ അഴിച്ചുപണി; സുകാന്ത മജൂംദാർ സംസ്ഥാന അധ്യക്ഷൻ, ദിലീപ് ഘോഷ് ദേശീയ നേതൃത്വത്തിലേക്ക്
text_fieldsകെൽക്കത്ത: പാർട്ടിയിൽ നിന്നും എം.എൽ.എമാരും പ്രവർത്തകരുമടക്കം ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലേക്ക് കൊഴിഞ്ഞ് പോകുന്നതിനിടെ സംസ്ഥാന തലത്തിൽ നേതൃമാറ്റവുമായി ഭാരതീയ ജനത പാർട്ടി. ദിലീപ് ഘോഷിനെ മാറ്റി പശ്ചിമ ബംഗാൾ ഘടകം അധ്യക്ഷനായി സുകാന്ത മജൂംദാറിനെ ബി.ജെ.പി നിയമിച്ചു. ദിലീപ് ഘോഷിന് ദേശീയ ഉപാധ്യക്ഷ സ്ഥാനം നൽകി.
ഉത്തര ബംഗാളിൽ പാർട്ടിക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മജൂംദാറിന് നറുക്ക് വീഴാൻ കാരണം. ദക്ഷിണ ബംഗാളിൽ നിന്നുള്ള പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കൊപ്പം വടക്കൻ ബംഗാളിൽ നിന്നുള്ള മജുംദാർ കൂടി ചേരുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം സംസ്ഥാനത്ത് സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.
ബലൂർഘട്ട് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭ എം.പിയാണ് മജൂംദാർ. മുഖ്യമന്ത്രി മമത ബാനർജി ജനവിധി തേടുന്ന ഭവാനിപൂർ ഉപതെരഞ്ഞെടുപ്പാണ് 41കാരനായ മജൂംദാറിന്‍റെ മുന്നിലുള്ള ആദ്യ വെല്ലുവിളി. നേരത്തെ ഭവാനിപൂരിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന സംസർഘഞ്ച്, ജഗ്നിപൂർ മണ്ഡലങ്ങളുടെ ചുമതല പാർട്ടി മജൂംദാറിനെ ഏൽപിച്ചിരുന്നു.
ദിലീപ് ഘോഷിന്‍റെ കീഴിൽ ബി.ജെ.പി 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 42ൽ 18 സീറ്റുകൾ നേടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിന്റെ വിജയത്തിളക്കത്തിൽ എം.എൽ.എമാരെയടക്കം മറുകണ്ടം ചാടിച്ച് ബംഗാൾ പിടിക്കാൻ ശ്രമിച്ച ബി.ജെ.പിക്ക് എട്ടിന്‍റെ പണിയാണ് വംഗനാട് നൽകിയത്. 77 സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് നേടാനായത്.
മമത മൂന്നാമതും അധികാരത്തിൽ വന്നതോടെ മറുകണ്ടം ചാടി ബി.ജെ.പിയിൽ എത്തിയവരുടെ തിരിച്ചൊഴുക്കായിരുന്നു. മുകുൾ റോയി അടക്കം പലപ്രമുഖരും തൃണമൂലിലേക്ക് തിരിച്ചുപോയി. മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ആണ് അവസാനം പാർട്ടി വിട്ട പ്രമുഖൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.