കർഷക ബിൽ: കേന്ദ്രമന്ത്രിസഭയിലേക്ക് തിരിച്ചുപോക്കില്ല - സുഖ്ബീർ സിങ് ബാദൽ
text_fieldsന്യൂഡൽഹി: കർഷകവിരുദ്ധ നിയമപരിഷ്കരണങ്ങളിൽ മോദി മന്ത്രിസഭക്കെതിരെ രൂക്ഷവിമർശനവുമായി ശിരോമണി അകാലി ദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാത്ത ഒരു സർക്കാറിെൻറ ഭാഗമായി നിൽക്കാൻ കഴിയില്ല. രണ്ടുമാസത്തോളമായി കർഷകപ്രശ്നങ്ങൾ പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ബിൽ പാസാക്കപ്പെട്ടിരിക്കയാണ്. അതിനാൽ തങ്ങൾ പിൻമാറിയെന്നും ഇനി മന്ത്രിസഭയിലേക്ക് തിരിച്ചുപോക്കില്ലെന്നും സുഖ്ബീർ സിങ് ബാദൽ വ്യക്തമാക്കി.
മന്ത്രിസഭ ഓർഡിനൻസ് പാസാക്കുന്നതിന് മുമ്പ് തന്നെ മന്ത്രി ഹർസിമ്രത് കൗർ ബാദൽ അതിനെ ശക്തമായി എതിർത്തിരുന്നു. ഓർഡിനൻസിൽ പഞ്ചാബിലെ ജനങ്ങളുടെ അഭിപ്രായങ്ങളും കർഷകർക്കുള്ള ആശങ്കയും അവർ പങ്കുവെക്കുകയും ചെയ്തു. കർഷകരുമായി കൂടിയാലോചിച്ചല്ല ഇത്തരമൊരു ഓർഡിനൻസ് കൊണ്ടുവന്നത്. സർക്കാറിെൻറ സഖ്യകക്ഷിയെന്ന നിലയിൽ ആദ്യഘട്ടം മുതൽ തന്നെ കർഷകരുടെ അഭിപ്രായങ്ങളും ആശങ്കകളും അറിയിച്ചിരുന്നു. എന്നാൽ ഒരുതരത്തിലുള്ള മാറ്റവും വരുത്താതെ ബിൽ പാസാക്കുകയാണ് ചെയ്തത്- സുഖ്ബീർ സിങ് ബാദൽ മാധ്യമങ്ങളോട് പറഞ്ഞു.
എൻ.ഡി.എയിൽ തുടരുമോ എന്ന ചോദ്യത്തിന് ഏറ്റവും പഴയ സഖ്യകക്ഷിയാണ് ശിരോമണി അകാലി ദളെന്നും നിലവിലെ സാഹചര്യത്തിൽ പാർട്ടി കോർ കമ്മറ്റി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും ബാദൽ വ്യക്തമാക്കി.
വിവാദ കാർഷിക ബില്ലുകളിൽ ലോക്സഭയിൽ വോട്ടെടുപ്പു നടക്കുന്നതിന് തൊട്ടുമുമ്പാണ് ഹർസിമ്രത് കൗർ ബാദൽ രാജി പ്രഖ്യാപിച്ചതായി സുഖ്ബീർ സിങ് ബാദൽ അറിയിച്ചത്. ബില്ലുകൾക്കെതിരെ പഞ്ചാബിൽ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഭക്ഷ്യ സംസ്കരണ, വ്യവസായ വകുപ്പ് മന്ത്രിയുടെ രാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.