ഗ്യാനേഷ് കുമാറും സുഖ്ബിന്ദർ സന്ധുവും പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ; അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഗ്യാനേഷ് കുമാറും സുഖ്ബിന്ദർ സന്ധുവും പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരാകും. ലോക്സഭയിലെ കോൺഗ്രസിന്റെ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് ഒഴിവുകളിലേക്കാണ് നിയമനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ നിയമന സമിതിയിൽ അധീറും അംഗമായിരുന്നു. യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തു. 1988 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്‍ഥരാണ് ഗ്യാനേഷ് കുമാറും സുഖ്ബിന്ദർ സന്ധുവും. കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥാണു ഗ്യാനേഷ് കുമാർ. ഉത്തരാഖണ്ഡ് കേഡറിൽ നിന്നാണ് സുഖ്ബിന്ദർ സന്ധു.
ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയും നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനുമടക്കം സുപ്രധാന സർക്കാർ പദവികൾ സന്ധു നേരത്തെ വഹിച്ചിട്ടുണ്ട്. പാർലമെന്ററി കാര്യ മന്ത്രാലയത്തിലും അമിത് ഷായുടെ നേതൃത്വത്തിലുള്ള സഹകരണ മന്ത്രാലയത്തിലും കുമാർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രകൃയയെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നതിന് ഒരു ദിവസം മുമ്പാണ് രണ്ട് നിയമനങ്ങളും നടന്നത്.
പാനലിലെ പ്രതിപക്ഷ അംഗമായ അധീർ രഞ്ജൻ ചൗധരി തന്റെ വിയോജിപ്പ് രേഖപ്പെടുത്തുകയും തെരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്യുകയും ചെയ്തു. 'ചുരുക്കപ്പട്ടികയിലുള്ള ഉദ്യോഗസ്ഥരുടെ പേരുകൾ തനിക്ക് മുൻകൂട്ടി ലഭ്യമാക്കിയിന്നും അധിർ ആരോപിച്ചു. അവർക്ക് (സർക്കാരിന്) ഭൂരിപക്ഷമുണ്ട്. നേരത്തെ അവർ എനിക്ക് 212 പേരുകൾ നൽകിയിരുന്നു. എന്നാൽ നിയമിക്കുന്നതിന് 10 മിനിറ്റ് മുമ്പ് അവർ എനിക്ക് ആറ് പേരുകൾ മാത്രമാണ് നൽകിയത്. ഇത് ഏകപക്ഷീയമാണെന്ന് പറയുന്നില്ല, എന്നാൽ പിന്തുടരുന്ന നടപടിക്രമങ്ങളിൽ ചില പാളിച്ചകളുണ്ട്.'-സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
നിലവിലെ പ്രകൃയയിൽ ആദ്യം നിയമമന്ത്രിയുടെ നേതൃത്വത്തിലുള്ള സെർച്ച് കമ്മിറ്റി ഒരു ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കുന്നു. തുടർന്ന്, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രിയും അടങ്ങുന്ന സെലക്ഷൻ പാനൽ അന്തിമ തെരഞ്ഞെടുപ്പ് നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.