സുൽത്താൻപുർ ഇനി 'രാഹുൽ നഗർ'; 26/11 രക്തസാക്ഷിയുടെ ഓർമക്കെന്ന്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ സുൽത്താൻപുർ ഗ്രാമത്തിന്റെ പേരുമാറ്റി, മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ പൊലീസ് കോൺസ്റ്റബിൾ രാഹുൽ ഷിൻഡെയുടെ നാമം നൽകുന്നു. സോളാപുർ ജില്ലയിൽ രാഹുലിന്റെ ജന്മഗ്രാമമായ സുൽത്താൻപുർ ഇനി 'രാഹുൽ നഗർ' എന്നാണ് അറിയപ്പെടുക. 2008 നവംബർ 26ന് മുംബൈ നഗരത്തിൽ പാക് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ ജീവൻ വെടിഞ്ഞ സുരക്ഷ ഉദ്യോഗസ്ഥരിൽ ഒരാളാണ് രാഹുൽ ഷിൻഡെ. ഭീകരർ കയറിയ താജ്മഹൽ പാലസ് ഹോട്ടലിൽ ആദ്യമെത്തിയ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അദ്ദേഹം. വയറ്റിൽ വെടിയേറ്റായിരുന്നു മരണം.
രക്തസാക്ഷിയായ രാഹുലിന് മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നൽകിയിരുന്നു. ഇവിടെ ജനിച്ചുവളർന്ന രാഹുലിന്റെ ഓർമ നിലനിർത്താൻ നാട്ടുകാരാണ് ഗ്രാമത്തിന്റെ പേരുമാറ്റാൻ തീരുമാനിച്ചതെന്ന് അദ്ദേഹത്തിന്റെ പിതാവ് സുഭാഷ് വിഷ്ണു ഷിൻഡെ പറഞ്ഞു. പേരുമാറ്റുന്നതിനുള്ള ഔദ്യോഗിക ചടങ്ങ് നടക്കേണ്ടതുണ്ടെന്നും സുഭാഷ് വിഷ്ണു പറഞ്ഞു.
ഗ്രാമത്തിന്റെ പേരു മാറ്റുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം പൂർത്തിയായെന്നും ഇനി ചടങ്ങാണ് നടക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.