സാകിര്‍ നായികിന് വീണ്ടും സമന്‍സ്; ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്‍റ്
text_fieldsമുംബൈ: ഇസ്ലാമിക് പ്രചാരകന്‍ ഡോ. സാകിര്‍ നായികിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കുരുക്ക് മുറുക്കുന്നു. നേരിട്ട് ഹാജരാകുന്നതിന് പകരം സ്കൈപ്പ് അടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി ചോദ്യംചെയ്യലിന് ഹാജരാകാന്‍ അനുവദിക്കണമെന്ന സാകിര്‍ നായികിന്‍െറ അപേക്ഷ തള്ളിയ ഇ.ഡി, നാലാം തവണയും അദ്ദേഹത്തിനെതിരെ സമന്‍സ് പുറപ്പെടുവിച്ചു.
ഈ സമന്‍സിനുശേഷവും ഹാജരാകാത്തപക്ഷം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാനാണ് നീക്കം. ഇതോടെ, അദ്ദേഹം കഴിയുന്ന രാജ്യങ്ങളിലെ അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തി ഇന്ത്യയിലേക്ക് മടക്കിയയപ്പിക്കാനാണ് ശ്രമം. മുന്‍വിധിയോടെയാണ് അന്വേഷണം നടക്കുന്നതെന്നും നേരിട്ട് ഹാജരായാല്‍ നീതി ലഭിക്കാവുന്ന സാഹചര്യമില്ളെന്നും ചൂണ്ടിക്കാട്ടിയാണ് സാകിര്‍ നായിക് വിഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാമെന്ന് അറിയിച്ചത്.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന പി.എം.എല്‍.എ നിയമപ്രകാരം വിഡിയോ വഴിയുള്ള ചോദ്യംചെയ്യല്‍ അനുവദനീയമല്ളെന്നും കേസിന്‍െറ ഗുരുതരാവസ്ഥ കണക്കിലെടുത്ത് സാകിര്‍ നായികിനെ നേരിട്ട് ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നുമാണ് ഇ.ഡി വൃത്തങ്ങള്‍ പറയുന്നത്.
ഐ.പി.എല്‍ ക്രിക്കറ്റ് മുന്‍ ചെയര്‍മാന്‍ ലളിത് മോദി, കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യ എന്നിവരും സമാന ആവശ്യം ഉന്നയിച്ചിരുന്നുവെന്നും അവരുടേതും തള്ളുകയാണ് ചെയ്തതെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.