സുനന്ദയുടെ മരണം: ഹരജി നിലനിൽക്കുമോയെന്ന് സുബ്രഹ്മണ്യൻ സ്വാമിയോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയുടെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ഹരജിയിൽ സംശയം ഉന്നയിച്ച് സുപ്രീംകോടതി. ഹരജി നിലനിൽക്കുമോയെന്ന് സുബ്രഹ്മണ്യൻ സ്വാമി ബോധിപ്പിക്കണമെന്ന് പരമോന്നത കോടതി വ്യക്തമാക്കി. കേസിന്‍റെ കാര്യങ്ങളിലേക്കു കടക്കുന്നതിനു മുൻപ് ഹരജിയുടെ നിലനിൽപ്പ് സംബന്ധിച്ച് സ്വാമി ബോധ്യപ്പെടുത്തണമെന്നും ജസ്റ്റിസുമാരായ അരുൺ മിശ്ര, അമിതാവ് റോയ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ആവശ്യവുമായി ഡൽഹി ഹൈകോടതിയെ സുബ്രഹ്മണ്യൻ സ്വാമി സമീപിച്ചെങ്കിലും ഹരജി തള്ളുകയായിരുന്നു. ഇതിനു പിന്നാലെ സ്വാമി മേൽകോടതിയിൽ അപേക്ഷ സമർപ്പിച്ചു. മൂന്നാഴ്ചക്ക് ശേഷം ഹരജി പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
സുനന്ദയുടെ മരണത്തിൽ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ് ഒരു വർഷം വരെ സമയമെടുത്തെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസാധാരണ മരണമാണെന്നും ആണ് സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നത്. കേസിന്‍റെ അന്വേഷണത്തിൽ ശശി തരൂർ കൈകടത്തുന്നുവെന്ന് ആരോപിച്ച് സ്വാമി ഹൈകോടതിയില്‍ ഹരജി നൽകിയിരുന്നു.
2014 ജനുവരി 17നാണ് തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറെ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.