ഞായറാഴ്ച ക്രിസ്ത്യാനികൾക്ക് വിശുദ്ധ ദിവസം; വോട്ടെണ്ണൽ മാറ്റണമെന്ന് മിസോറാം പാർട്ടികൾ
text_fields
ന്യൂഡൽഹി: ഹിന്ദുക്കളുടെ പുണ്യ മുഹൂർത്തമായ ദേവ് ഉത്താനി ഏകാദശിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ നിയമസഭാ വോട്ടെടുപ്പ് മാറ്റിയതിനു പിന്നാലെ മിസോറാമിൽ ഞായറാഴ്ച ക്രിസ്ത്യാനികൾക്ക് വിശുദ്ധ ദിനം ആയതിനാൽ വോട്ടെണ്ണൽ ദിനം മാറ്റണമെന്ന ആവശ്യവുമായി സംഘടനകൾ. ഡിസംബർ മൂന്നിനുള്ള വോട്ടെണ്ണൽ ദിനം മാറ്റിവെക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് കോൺഗ്രസാണ്. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനത്തിലെ ജനവിഭാഗങ്ങൾ പവിത്രമായി കരുതുന്നതിനാൽ ഞായറാഴ്ച വേട്ടെണ്ണൽ മാറ്റിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം മിസോറാം സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ലാൽസവത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന് ഇതു സംബന്ധിച്ച് കത്തയച്ചു. സംസ്ഥാനത്തെ ജനങ്ങൾ പവിത്രമായി കണക്കാക്കുന്ന ദിവസമാണ് ഞായറാഴ്ചയെന്നും അതിനാൽ ഔദ്യോഗിക പരിപാടികളോ മറ്റോ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുവികാരം കണക്കിലെടുത്ത് തീയതി പുനഃക്രമീകരിക്കാനും തിങ്കളാഴ്ചയ്ക്കും വെള്ളിയാഴ്ചയ്ക്കും ഇടയിലുള്ള മറ്റൊരു തീയതി കണ്ടെത്താനും അദ്ദേഹം തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർത്ഥിച്ചു.
ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടും (എം.എൻ.എഫ്) സമാന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്. ബി.ജെ.പി, സോറാം പീപ്പിൾസ് മൂവ്‌മെന്റ്, പീപ്പിൾസ് കോൺഫറൻസ് ഉൾപ്പെടെ മറ്റ് രാഷ്ട്രീയ കക്ഷികളും വോട്ടെണ്ണൽ ദിവസം പുനഃക്രമീകരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. പ്രധാന പള്ളികളുടെ കൂട്ടായ്മയായ മിസോറം കൊഹ്‌റാൻ ഹ്രുയിറ്റുട്ട് കമ്മിറ്റിയും സമാനമായ അപേക്ഷ നൽകിയതായി റിപ്പോർട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെയും മറ്റുള്ളവരുടെയും അഭ്യർത്ഥന കണക്കിലെടുത്താണ് രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രണ്ട് ദിവസത്തേക്ക് മാറ്റിവയ്ക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.