പവാർ കുടുംബത്തിലിനി നേർക്കുനേർ പോരാട്ടം; സുനേത്രയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് എൻ.സി.പി
text_fieldsന്യൂഡൽഹി: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങി സുനേത്ര മഹാജൻ. എൻ.സി.പിയുടെ സംസ്ഥാന അധ്യക്ഷൻ സുനിൽ തത്ക്കരെയാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയായ സുനേത്ര മഹാജൻ മത്സരിക്കുന്നതോടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പവാർ കുടുംബത്തിലെ അംഗങ്ങൾ നേർക്കുനേർ കൊമ്പുകോർക്കുന്ന ആദ്യ സംഭവം കൂടിയാകും ഇത്. ബാരാമതി മണ്ഡലത്തിൽ നിന്നുമാകും സുനേത്ര മത്സരിക്കുക.
വ്യക്തമായ അടിത്തറയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ മത്സരിക്കണമെന്നാണ് പാർട്ടിയുടെ പൊതുതാത്പര്യം. ഭരണസഖ്യത്തിനുള്ളിൽ നിന്ന് ബാരാമതിയിൽ മത്സരിക്കാൻ എൻസിപി പ്രതിജ്ഞാബദ്ധമാണെന്നും തത്ക്കരെ പറഞ്ഞു. കഴിഞ്ഞ 40 വർഷമായി ബാരാമതിയുടെ വികസനത്തിന് അജിത് പവാർ വലിയ സംഭാവന നൽകിയിട്ടുണ്ടെന്നും കഠിനാധ്വാനം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും തത്കരെ പറഞ്ഞു.
ബാരാമതി ലോക്സഭാ എം.പിയും ശരദ് പവാറിന്റെ മകളും ഭർതൃസഹോദരിയുമായ സുപ്രിയ സുലെക്കെതിരെയാണ് സുനേത്രയുടെ സ്ഥാനാർത്ഥിത്വം. തുടർച്ചയായി മൂന്നു തവണ സുപ്രിയ ജയിച്ച മണ്ഡലമാണിത്. മുമ്പ് ആറു തവണ പവാറും ഒരിക്കൽ അജിത്തും ബാരാമതിയിൽ ജയിച്ചിട്ടുണ്ട്. വർഷങ്ങളായി പവാറിൽനിന്ന് ബാരാമതി പിടിച്ചെടുക്കാൻ ബി.ജെ.പി ശ്രമം നടത്തിവരുന്നുണ്ട്. ഇത്തവണ അജിത്തിലൂടെ പവാർ കുടുംബത്തിലും അണികളിലും ഭിന്നിപ്പുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് ആരോപണം. പവാറിന്റെ വലംകൈയും എൻ.സി.പി പടുത്തുയർത്തിയതിൽ പങ്കാളിയുമായ പദംസിങ് പാട്ടീലിന്റെ സഹോദരിയാണ് സുനേത്ര. പദംസിങ്ങിന്റെ മകൻ റാണ ജഗ്ജീത് സിങ് പാട്ടിൽ ബി.ജെ.പി എം.എൽ.എയാണ്.
2010ൽ സ്ഥാപിതമായ എൻവയോൺമെൻ്റൽ ഫോറം ഓഫ് ഇന്ത്യയുടെ സ്ഥാപകയാണ് സുനേത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.